July 8, 2025
ന്യൂസിലാന്റിൽ 80000 ഡോളർ, ഇന്ത്യയിൽ 20000 ഡോളർ. ഇന്ത്യയിലെ ആശുപത്രിയികളെ പ്രകീർത്തിച്ച് ന്യൂസിലാന്റ് സ്വദേശി

ന്യൂസിലാന്റിൽ 80000 ഡോളർ, ഇന്ത്യയിൽ 20000 ഡോളർ. ഇന്ത്യയിലെ ആശുപത്രിയികളെ പ്രകീർത്തിച്ച് ന്യൂസിലാന്റ് സ്വദേശി

മുംബൈ: ഇന്ത്യയിലെ ഹോസ്പിറ്റലുകൾ കുറഞ്ഞ ചിലവിൽ മികച്ച സേവനം നൽകുന്നതിൽ പ്രശസ്തമാണ്. അതുകൊണ്ടുതന്നെ വിദേശരാജ്യങ്ങളിൽ നിന്നും ഒട്ടേറെ പേരാണ് രാജ്യത്തേക്ക് ചികിത്സ തേടി എത്താറുള്ളത്. ഇന്ത്യയിലെ ചികിത്സ വിദേശ രാജ്യങ്ങളേക്കാൾ എത്രയോ മികച്ചതാണ് എന്നാണ് ഇത്തരത്തിൽ എത്തുന്ന മിക്ക പേരുടേയും അഭിപ്രായം. ഇപ്പോൾ ഇതിനു തെളിവായി മറ്റൊരു വാർത്തകൂടി എത്തിയിരിക്കുകയാണ്. ന്യൂസിലൻഡിൽ ഹിപ് റീപ്ലേസ്‌മെന്റ് ശസ്ത്രക്രിയ ആവശ്യമായി വന്ന നഴ്സ് ആണ് ഇന്ത്യയിൽ ചികിത്സ തേടി ഇവിടത്തെ ചികിത്സാരീതിയെ പ്രകീർത്തിച്ച് രംഗത്തെത്തിയിരിക്കുന്നത്.

ന്യൂസിലൻഡിൽ 40 വർഷത്തോളമായി ആരോഗ്യരംഗത്ത് പ്രവർത്തിച്ചിട്ടുള്ള ക്ലെയർ ഓൾസെണാണ് ഇന്ത്യയുടെ ചികിത്സാ വൈദഗ്ധ്യത്തെയും കുറഞ്ഞ ചിലവിനേയും പ്രകീർത്തിച്ചിരിക്കുന്നത്. ന്യൂസിലൻഡിൽ 80000 ഡോളർ ചിലവു വരുമായിരുന്ന ശസ്ത്രക്രിയ 20000 ഡോളറിന് മുംബൈയിലെ ആശുപത്രിയിൽ നടത്താനായെന്ന് ക്ലെയർ പറയുന്നു. ആർത്രൈറ്റിക് പ്രശ്നം കാരണം നടക്കാൻ പോലും പാടുപെടുന്ന അവസ്ഥയിലായിരുന്നു. ന്യൂസിലൻഡിൽ പബ്ലിക് ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തണമെങ്കിൽ വർഷങ്ങൾ കാത്തിരിക്കേണ്ടി വരുമായിരുന്നു. പ്രൈവറ്റ് ഹോസ്പിറ്റലിലാകട്ടെ സാധാരണ ഹിപ് സർജറിക്കു തന്നെ ചിലവും ഏറെയായായിരുന്നു. അതിനാലാണ് ചികിത്സയ്ക്കായി ഇന്ത്യയിലേക്ക് തിരിച്ചത്-ക്ലെയർ പറഞ്ഞു.

മുംബൈയിൽ ഓർത്തോപീഡിക് സർജനായ ഡോ. മുദിത് ഖന്നയാണ് ക്ലെയറിന് റോബോട്ടിക് ഹിപ് സർജറി നടത്തിയത്. രണ്ട് ദിവസങ്ങൾക്കുള്ളിൽ ക്രച്ചസ്സിൽ നടക്കാൻ സാധിച്ചു. പിന്നീട് ക്ലെയറിന് 20 ദിവസത്തിനുള്ളിൽ പരസഹായമില്ലാതെ നടക്കാനായി. ചികിത്സയിൽ മാത്രമല്ല വൃത്തിയിലും മറ്റെല്ലാ ഘടകങ്ങളിലും ലോകോത്തര നിലവാരം പുലർത്തുന്നതാണ് താൻ സന്ദർശിച്ച ആശുപത്രിയെന്ന് അവർ പറഞ്ഞു. ഇന്ത്യയിലെ സ്വകാര്യ ആശുപത്രികൾ ലോകോത്തര നിലവാരമുള്ളവയാണ്. വിദഗ്ധരും പരിചയസമ്പന്നരുമായ പ്രൊഫഷനൽസ് ആണ് മേഖലയിൽ ഉള്ളത്. ന്യൂസിലൻഡിൽ പോലും ഇല്ലാത്ത നൂതന സാങ്കേതികവിദ്യയും ഉപകരണങ്ങളും ഇന്ത്യയിൽ ഉണ്ട്- ക്ലെയർ ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *