
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ‘ഹൃദ്യം’ പദ്ധതി യുപി സ്വദേശികളായ ദമ്പതികളുടെ നാലുമാസം പ്രായമുള്ള കുഞ്ഞിന് പുതുജീവനേകി. ‘ട്രൈകസ്പിഡ് അട്രേസിയ’ എന്ന ഗുരുതര ഹൃദ്രോഗം ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലായിരുന്ന രാംരാജ് എന്ന കുഞ്ഞിനാണ് സൗജന്യ ഹൃദയ ശസ്ത്രക്രിയയിലൂടെ ജീവിതം തിരികെ ലഭിച്ചത്. “കേരളത്തിലായതിനാലാണ് കുഞ്ഞിനെ രക്ഷിക്കാനായത്, സ്വന്തം നാട്ടിലായിരുന്നെങ്കിൽ ഇത് സാധ്യമാകുമായിരുന്നില്ല,” എന്ന് കുഞ്ഞിന്റെ മാതാപിതാക്കൾ കണ്ണീരോടെ പറയുന്നു.
രണ്ട് വർഷം മുൻപ് കേരളത്തിലെത്തിയ ഉത്തർപ്രദേശ് ധനൗറ സ്വദേശികളായ ശിശുപാലിന്റെയും രുചിയുടെയും മകനാണ് രാംരാജ്. കഴിഞ്ഞ തിങ്കളാഴ്ചയാണ് ശ്വാസം നിലച്ച അവസ്ഥയിൽ കുഞ്ഞിനെ മുളിയാർ സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചത്. ഓക്സിജന്റെ അളവ് അപകടകരമാം വിധം കുറവാണെന്ന് കണ്ടെത്തിയതോടെ വിദഗ്ദ്ധ ചികിത്സയ്ക്കായി കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലേക്ക് മാറ്റി.
കുഞ്ഞിന് ഹൃദയസംബന്ധമായ പ്രശ്നമാണെന്ന് തിരിച്ചറിഞ്ഞ മുളിയാർ സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യപ്രവർത്തകർ ഉടൻതന്നെ കുഞ്ഞിന്റെ വിവരങ്ങൾ ‘ഹൃദ്യം’ പദ്ധതിയിൽ രജിസ്റ്റർ ചെയ്തു. തുടർന്ന് ആരോഗ്യവകുപ്പ് അതിവേഗം ഇടപെടുകയും കോഴിക്കോടുള്ള എംപാനൽഡ് ആശുപത്രിയിൽ വെള്ളിയാഴ്ച സൗജന്യ ശസ്ത്രക്രിയയ്ക്ക് സൗകര്യമൊരുക്കുകയുമായിരുന്നു. ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്നും കുഞ്ഞ് സുഖം പ്രാപിച്ചുവരികയാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
കൃത്യമായ ഇടപെടലിലൂടെ കുഞ്ഞിന്റെ ജീവൻ രക്ഷിച്ച ആരോഗ്യപ്രവർത്തകരെയും ഹൃദ്യം പദ്ധതി ടീമിനെയും ആരോഗ്യമന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു. പാവപ്പെട്ടവർക്ക് ഇത്തരം സംവിധാനങ്ങൾ ലഭ്യമല്ലാത്ത തങ്ങളുടെ നാട്ടിൽ നിന്ന് വ്യത്യസ്തമായി കേരളത്തിലെ ആരോഗ്യരംഗത്തിന്റെ മികവാണ് മകന്റെ ജീവൻ രക്ഷിച്ചതെന്ന് ശിശുപാലും രുചിയും നന്ദിയോടെ സ്മരിച്ചു.



