News

ഗർഭാശയ ഗള അർബുദ വിമുക്ത കേരളം: പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥിനികൾക്ക് HPV വാക്‌സിനേഷൻ; ഉദ്ഘാടനം നവംബർ 3-ന്

തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥിനികൾക്കായി ഗർഭാശയഗള കാൻസർ പ്രതിരോധത്തിനുള്ള ഹ്യൂമൻ പാപ്പിലോമ വൈറസ് (HPV) വാക്‌സിനേഷൻ പദ്ധതിക്ക് തുടക്കമാകുന്നു. വരും തലമുറയെ അർബുദ ഭീഷണിയിൽ നിന്ന് സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന പൈലറ്റ് പദ്ധതിയുടെ ഉദ്ഘാടനം നവംബർ 3-ന് കണ്ണൂർ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ വെച്ച് രാവിലെ 10.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു.

ഇന്ത്യയിലെ രണ്ടാമത്തെ പ്രധാന അർബുദം

ഇന്ത്യയിൽ സ്ത്രീകളിൽ മരണനിരക്ക് ഉയർത്തുന്ന രണ്ടാമത്തെ പ്രധാനപ്പെട്ട അർബുദമാണ് ഗർഭാശയഗള കാൻസർ. ഈ രോഗത്തെ പ്രതിരോധിക്കാൻ എച്ച്.പി.വി വാക്‌സിൻ സ്വീകരിക്കുന്നത് ഉചിതമാണ് എന്ന വിദഗ്ധാഭിപ്രായം കണക്കിലെടുത്താണ് കേരള സർക്കാർ ക്രിയാത്മകമായ നടപടി സ്വീകരിച്ചത്. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തിൽ ആരോഗ്യ വിദഗ്ധരുടേയും ടെക്‌നിക്കൽ കമ്മിറ്റിയുടേയും യോഗങ്ങൾ ചേർന്നാണ് വാക്‌സിനേഷൻ പദ്ധതിക്ക് അന്തിമ രൂപം നൽകിയത്.

കേരള കാൻസർ കെയർ ബോർഡിന്റെ ശുപാർശയുടെയും വിദഗ്ധ സമിതിയുടെ നിർദേശത്തിന്റെയും അടിസ്ഥാനത്തിലാണ് ഹയർ സെക്കണ്ടറി വിദ്യാർഥിനികൾക്ക് വാക്‌സിനേഷൻ നൽകാൻ തീരുമാനിച്ചത്.

ബോധവത്കരണവും സന്നദ്ധ സഹകരണവും

ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിലാണ് പൈലറ്റ് പദ്ധതി നടപ്പാക്കുന്നത്. എച്ച്.പി.വി. വാക്‌സിനേഷന്റെ പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കുകയും സ്വമേധയാ വാക്‌സിനേഷൻ സ്വീകരിക്കുന്നതിനായി പ്രോത്സാഹിപ്പിക്കുകയുമാണ് പൈലറ്റ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ലയൺസ് ക്ലബ്, റോട്ടറി ക്ലബ്ബ് തുടങ്ങിയ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെയാണ് വാക്‌സിനേഷൻ വിതരണം ചെയ്യുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *