ഹോസ്റ്റലില്ലാത്ത ദുരിതം; തിരുവനന്തപുരം ദന്തൽ കോളേജിൽ വിദ്യാർത്ഥികൾ സമരത്തിലേക്ക്

തിരുവനന്തപുരം: വിദ്യാർത്ഥിനികൾക്ക് താമസിക്കാൻ സ്വന്തമായി ഹോസ്റ്റൽ സൗകര്യം ഒരുക്കണമെന്ന ആവശ്യം ഉന്നയിച്ച് തിരുവനന്തപുരം ഗവൺമെന്റ് ദന്തൽ കോളേജിലെ വിദ്യാർത്ഥികളും ഹൗസ് സർജന്മാരും പി.ജി വിദ്യാർത്ഥികളും സമരത്തിലേക്ക്. ആവശ്യമായ നടപടികൾ സ്വീകരിക്കാത്ത പക്ഷം നാളെ (ഒക്ടോബർ 16) സൂചനാ പണിമുടക്ക് നടത്തുമെന്നും തുടർന്ന് അനിശ്ചിതകാല സമരത്തിലേക്ക് കടക്കുമെന്നും വിദ്യാർത്ഥികൾ അറിയിച്ചു.
കേരളത്തിലെ ഒന്നാം നമ്പർ ദന്തൽ കോളേജായിരുന്നിട്ടും, വനിതാ ഹോസ്റ്റൽ ഇല്ലാത്തത് പുതിയ ബാച്ചുകളിലെ അഡ്മിഷനെ പോലും സാരമായി ബാധിച്ചിരിക്കുകയാണ്. മികച്ച റാങ്കുള്ള വിദ്യാർത്ഥികൾ പോലും ഹോസ്റ്റൽ സൗകര്യമില്ലാത്തതിനാൽ മറ്റു കോളേജുകളെ ആശ്രയിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.
2025-ലെ പുതിയ ബാച്ചിൽ ആകെ 50 സീറ്റുകളാണുള്ളത്. എന്നാൽ, രണ്ടാമത്തെ അലോട്ട്മെന്റ് കഴിഞ്ഞിട്ടും വെറും 41 സീറ്റുകളിൽ മാത്രമാണ് പ്രവേശനം പൂർത്തിയായത്. ഇത് കോളേജിന്റെ പ്രശസ്തിയെയും അഡ്മിഷൻ പ്രക്രിയയെയും ഒരുപോലെ ബാധിക്കുന്നു. അടിസ്ഥാന സൗകര്യമായ ഹോസ്റ്റൽ ഉടൻ യാഥാർത്ഥ്യമാക്കണമെന്നും അധികൃതരുടെ ഭാഗത്തുനിന്ന് അടിയന്തരമായ ഇടപെടൽ ഉണ്ടാകണമെന്നും വിദ്യാർത്ഥികൾ ആവശ്യപ്പെട്ടു.



