June 16, 2025
അങ്കണവാടി പ്രീസ്‌കൂള്‍ കുട്ടികള്‍ക്ക് ‘കുഞ്ഞൂസ് കാര്‍ഡ്’

അങ്കണവാടി പ്രീസ്‌കൂള്‍ കുട്ടികള്‍ക്ക് ‘കുഞ്ഞൂസ് കാര്‍ഡ്’

കുഞ്ഞുങ്ങളുടെ വികാസം തിരിച്ചറിയാനും ഇടപെടലുകള്‍ നടത്താനും

തിരുവനന്തപുരം: അങ്കണവാടി പ്രീസ്‌കൂള്‍ കുട്ടികളുടെ വികാസ മേഖലകളുടെ പുരോഗതി വിലയിരുത്തുന്നതിനായി വനിത ശിശു വികസന വകുപ്പ് തയ്യാറാക്കിയ ‘കുഞ്ഞൂസ് കാര്‍ഡ്’ ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പ്രകാശനം ചെയ്തു. കുട്ടികളുടെ വികാസ മേഖലകള്‍ ഉള്‍പ്പെടുത്തികൊണ്ട് ജെന്‍ഡര്‍ ന്യൂട്രല്‍ ആയ കാര്‍ഡ് ആണ് പുതിയതായി തയ്യാറാക്കിയിരിക്കുന്നത്. ഒരു കുഞ്ഞിനെ അമ്മ മാത്രമല്ല അറിയേണ്ടത്. കുടുംബത്തില്‍ കുഞ്ഞുമായി ബന്ധപ്പെട്ടിരിക്കുന്ന ഓരോ വ്യക്തിയും കുഞ്ഞിന്റെ വളര്‍ച്ചയില്‍ വരുന്ന മാറ്റങ്ങള്‍ അറിഞ്ഞിരിക്കേണ്ടതാണ്. അത് ഉള്‍ക്കൊണ്ടാണ് പുതിയ അസ്സസ്‌മെന്റ് കാര്‍ഡ് പുറത്തിറക്കിയത്. കുട്ടികളുടെ വിവിധ വികാസ മേഖലകളായ ശാരീരിക ചാലക വികാസം, വൈജ്ഞാനിക വികാസം, ഭാഷാ വികാസം, സാമൂഹിക വൈകാരിക വികാസം, ക്രിയാത്മക-സര്‍ഗാത്മക വികാസം, ജീവിത നൈപുണ്യ വികാസം എന്നിവ ഉള്‍പ്പെടുന്ന ആകര്‍ഷകമായ കാര്‍ഡ് ആണ് പുറത്തിറക്കിയത്.

ഇത്തരമൊരു കാര്‍ഡ് പുറത്തിറക്കുന്നതിന് വനിത ശിശു വികസന വകുപ്പിന്റെ നേതൃത്വത്തില്‍ ശിശുരോഗ വിദഗ്ധരും തിരുവനന്തപുരം സിഡിസിയിലെ വിദഗ്ധരും ഉള്‍പ്പെടുന്ന ടെക്‌നിക്കല്‍ കമ്മിറ്റി രൂപീകരിച്ചു. ഈ കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരം ജീവിത നൈപുണ്യ വികാസം കുട്ടിയുടെ വികാസത്തിന് പ്രസക്തമായതിനാല്‍ പ്രായാനുസൃതമായ ഘടകങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വളര്‍ച്ച വ്യതിയാനങ്ങള്‍ കണ്ടെത്തുന്നതിന് കുട്ടിയുടെ ഇന്ദ്രിയ വികാസം തിരിച്ചറിയണം എന്നതിനാല്‍ ആരോഗ്യം എന്ന തലക്കെട്ടില്‍ സംസാരം, കേള്‍വി, കാഴ്ച, ചലനം, ശ്രദ്ധ എന്നിവ ചേര്‍ത്തിട്ടുണ്ട്. ദന്താരോഗ്യം കുട്ടികളുടെ സമഗ്ര വികാസത്തില്‍ വളരെ ഗൗരവമായ പങ്കുവഹിക്കുന്നു എന്നതിനാല്‍ അത് കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

4 ക്വാര്‍ട്ടറുകളിലായി ഇ സി സി ഇ ദിനത്തില്‍ കുഞ്ഞിന്റെ വികാസം വിലയിരുത്തേണ്ടതിനാല്‍ ഉയരവും തൂക്കവും 4 തവണയായി കാര്‍ഡില്‍ രേഖപ്പെടുത്താനാകും. കുട്ടികളെ സംബന്ധിക്കുന്ന അലര്‍ജി, കുത്തിവെപ്പിന്റെ വിവരങ്ങള്‍, ഹാജര്‍ നിലവാരം, ജനനസമയത്തുള്ള ഭാരം, നീളം തലയുടെ ചുറ്റളവ്, രക്ത ഗ്രൂപ്പ്, കുട്ടിയുടെ ആധാര്‍ നമ്പര്‍ തുടങ്ങിയ വ്യക്തിഗത വിവരങ്ങള്‍ അധികമായി ചേര്‍ത്തിട്ടുണ്ട്.

അങ്കണവാടി പ്രവര്‍ത്തകരുടെ വിലയിരുത്തല്‍ 3 നിറങ്ങളിലുള്ള ബബിളുകള്‍ ആയി രേഖപ്പെടുത്തുന്നു. കുഞ്ഞിന് സ്വയം ചെയ്യാവുന്നവയാണ് പ്രവര്‍ത്തനങ്ങള്‍ എങ്കില്‍ പച്ച, സഹായത്തോടെ ചെയ്യുന്നു എങ്കില്‍ മഞ്ഞ, സാധിക്കുന്നില്ല എങ്കില്‍ ചുവപ്പ് എന്നിവയാണ് ബബിളുകള്‍. കുഞ്ഞിന് ഏതെങ്കിലും പ്രവര്‍ത്തനം സാധിക്കുന്നില്ല എന്ന് തിരിച്ചറിയുമ്പോള്‍ വിദഗ്ധ പരിശോധനയ്ക്കായി റഫറല്‍ സേവനവും നല്‍കാം എന്നതാണ് കാര്‍ഡിന്റെ സവിശേഷത. ഈ തിരിച്ചറിവ് അങ്കണവാടി പ്രവര്‍ത്തകര്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കും ഉണ്ടാക്കുന്നതിനും ആവശ്യമായ ഇടപെടലുകള്‍ മുന്‍കൂട്ടി നടത്തുന്നതിനും സഹായിക്കുന്നു. ഇതോടൊപ്പം ഈ വിവരങ്ങള്‍ തുടര്‍പിന്തുണയ്ക്കായി ആരോഗ്യ വകുപ്പിന് കൈമാറും.

വനിത ശിശുവികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഷര്‍മിള മേരി ജോസഫ്, വനിത ശിശു വികസന വകുപ്പ് ഡയറക്ടര്‍ ഹരിത വി കുമാര്‍, ജോ. ഡയറക്ടര്‍ എസ്.എന്‍. ശിവന്യ, സിഡിസി ഡയറക്ടര്‍ ഡോ. ദീപ ഭാസ്‌കരന്‍, സീനിയര്‍ റിസര്‍ച്ച് കോ ഓര്‍ഡിനേറ്റര്‍ ഡോ. ലീന, സ്റ്റേറ്റ് പ്രോഗ്രാം ഓഫീസര്‍മാരായ ലജീന കെഎച്ച്, അനിതദീപ്തി ബിഎസ്, സിഡിപിഒ ഇന്ദു വിഎസ് തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *