June 30, 2025
മഞ്ഞപ്പിത്തം വന്ന കുഞ്ഞിനെ ചികിത്സ നൽകാതെ കൊന്ന മാതാപിതാക്കൾ ക്കെതിരെ നിയമനടപടി വേണം

മഞ്ഞപ്പിത്തം വന്ന കുഞ്ഞിനെ ചികിത്സ നൽകാതെ കൊന്ന മാതാപിതാക്കൾ ക്കെതിരെ നിയമനടപടി വേണം

ഡോക്ടർ ഷിംന അസീസ്.

“അക്യൂപഞ്ചറോ വേറെ എന്ത് തേങ്ങയോ ആയിക്കോട്ടെ, അച്ഛനും അമ്മയ്ക്കും വിവരക്കേട് തലക്ക് പിടിച്ചാൽ അത് സ്വന്തം ശരീരത്തിൽ പരീക്ഷിച്ചു മിണ്ടാതെ ഒരിടത്തിരിക്കണം. നിങ്ങളുടെ ശരീരത്തിൽ തോന്നിവാസം കാണിക്കുന്ന പോലെ കുട്ടികളുടെയും നാട്ടുകാരുടെയും മേൽ പരീക്ഷിക്കാൻ നിൽക്കരുത്. ജനിപ്പിച്ചുവെന്നത് കൊണ്ട് കുട്ടിയുടെ പ്രതിരോധ-ചികിത്സാ അവകാശങ്ങൾ നിഷേധിക്കാൻ നിങ്ങൾക്കെന്നല്ല ഒരാൾക്കും അവകാശമില്ല “.
…………………………ആധുനിക വൈദ്യശാസ്ത്രത്തിന്റെ കരാളഹസ്തങ്ങളിൽ പെടാതെ വീട്ടിൽ പ്രസവിച്ചെന്ന് പറഞ്ഞു പോസ്റ്റിട്ട്, അതിന് ബോധവും ബുദ്ധിയുമില്ലാത്ത കുറേ പേരെക്കൊണ്ട് ‘ഹോയ് ഹോയ്’ വിളിപ്പിച്ച ഹിറയും നവാസും അന്ന് ജനിപ്പിച്ച കുഞ്ഞിപൈതലിനെ ചികിത്സ കൊടുക്കാതെ ഇന്ന് കൊലക്ക് കൊടുത്തിട്ടുണ്ട് എന്ന്‌ വാർത്തകൾ. കുട്ടിക്ക് ഒരു വിധ പ്രതിരോധകുത്തിവെപ്പുകളും എടുത്തിട്ടില്ലത്രേ.

വല്ലാത്ത സങ്കടത്തിലും നിരാശയിലുമാണ് ഇതെഴുതുന്നത്. മെഡിസിന് പഠിക്കുന്ന കാലം തൊട്ട് കേരളത്തിലെ, പ്രത്യേകിച്ച് എന്റെ ജില്ലയായ മലപ്പുറത്തെ വാക്സിൻ വിരുദ്ധതക്ക് എതിരെ പൊരുതുകയാണ്. ഒരു കാലത്ത് അശാസ്ത്രീയത പടർത്തുന്നതിൽ മത്സരിച്ചിരുന്ന പ്രമുഖരായ മോഹനനോടും ജേക്കബ് വടക്കഞ്ചേരിയോടും ഉൾപ്പെടെ നേരിട്ട് കൊമ്പ് കോർത്തിട്ടുണ്ട്. സമൂഹത്തെ ബോധ്യപ്പെടുത്താൻ വേണ്ടി സ്വന്തം ശരീരത്തിൽ മീസിൽസ് റുബല്ല കുത്തിവെപ്പ് എടുത്തു കാണിച്ചിട്ടുണ്ട്. ഒരു പരിചയവുമില്ലാത്ത എത്രയോ പേരുടെ തെറി കേട്ടിട്ടുണ്ട്. അശാസ്ത്രീയ ചികിത്സക്കാരൻ മെസഞ്ചറിൽ കേട്ടാൽ അറക്കുന്ന അസഭ്യം എഴുതി അയച്ചതിനെതിരെ പരാതി കൊടുക്കാൻ പോലീസ് സ്റ്റേഷൻ കയറിയിട്ടുണ്ട്. പിന്മാറിയിട്ടില്ല, പിന്മാറുകയുമില്ല. കാരണം ഒരു വശത്ത് തെറ്റിദ്ധരിക്കപ്പെട്ട് ജീവൻ അപായത്തിൽ ആയേക്കാവുന്ന രോഗികളും അതോടൊപ്പം കുത്തിവെപ്പ് നിഷേധിക്കപ്പെടുന്ന പിഞ്ചുപൈതങ്ങളുമാണ്.

അക്യൂപഞ്ചറോ വേറെ എന്ത് തേങ്ങയോ ആയിക്കോട്ടെ, അച്ഛനും അമ്മയ്ക്കും വിവരക്കേട് തലക്ക് പിടിച്ചാൽ അത് സ്വന്തം ശരീരത്തിൽ പരീക്ഷിച്ചു മിണ്ടാതെ ഒരിടത്തിരിക്കണം. നിങ്ങളുടെ ശരീരത്തിൽ തോന്നിവാസം കാണിക്കുന്ന പോലെ കുട്ടികളുടെയും നാട്ടുകാരുടെയും മേൽ പരീക്ഷിക്കാൻ നിൽക്കരുത്. ജനിപ്പിച്ചുവെന്നത് കൊണ്ട് കുട്ടിയുടെ പ്രതിരോധ-ചികിത്സാ അവകാശങ്ങൾ നിഷേധിക്കാൻ നിങ്ങൾക്കെന്നല്ല ഒരാൾക്കും അവകാശമില്ല.

“ഞങ്ങളുടെ കുട്ടി, ഞങ്ങളുടെ സൗകര്യം, നിങ്ങൾക്കെന്താ” എന്ന് പറയുന്ന പരിപാടിയൊന്നും നടപ്പില്ല. നിങ്ങൾ കുട്ടിയെ തല്ലിക്കൊല്ലുന്നതും ചികിത്സ നിഷേധിച്ചു കൊല്ലുന്നതും ഒരു പോലെ മന:പൂർവമായ നരഹത്യ തന്നെയാണ്.
കുട്ടികൾ സ്റ്റേറ്റിന്റെ പ്രോപ്പർട്ടിയാണ്. മുതിർന്നവരായി പറന്നകലും വരെ അവരെ നേർവഴിക്ക് നയിച്ച്‌ അവർക്ക് വേണ്ട അറിവും വിഞാനവും വികാരങ്ങളും സൗകര്യങ്ങളും ആരോഗ്യപരിക്ഷയും ഒക്കെ നൽകേണ്ട കടമ ഉള്ളവരാണ് രക്ഷിതാക്കൾ. അതിനിടക്ക് അവരുടെ അവകാശങ്ങൾ വേണമെന്ന് വെച്ച് നിഷേധിക്കുന്നതിനെ തെറ്റെന്നല്ല കുറ്റമെന്നാണ് വിളിക്കേണ്ടത്. മാതൃകാപരമായ ശിക്ഷ നിങ്ങൾക്ക് മേൽ ഉണ്ടാകണമെന്നാണ് ആഗ്രഹിക്കുന്നത്.

ഇനി മറ്റേ കാർഡ് ഇറക്കി ഈ തോന്നിവാസത്തിന് മതത്തെ കൂട്ട് പിടിക്കുകയും വേണ്ട. ഞാനും നിങ്ങളും ചെറിയ പ്രായം തൊട്ട് ഓതി പഠിച്ച ഖുർആനിലും വായിച്ചു വെച്ച ഹദീസുകളിലും എവിടെയാണ് രോഗം പ്രതിരോധിക്കരുത് എന്നും ചികിൽസ തേടരുത് എന്നും പറഞ്ഞിട്ടുള്ളത്? ഒരിടത്ത് പ്ളേഗ് പടർന്നിട്ടുണ്ടെങ്കിൽ അത് പകരുന്നത് പ്രതിരോധിക്കാൻ അങ്ങോട്ട് പോകരുത്, അവിടെയുള്ളവർ പുറമേക്ക് വരികയും ചെയ്യരുത് എന്ന് പഠിപ്പിച്ച അല്ലാഹുവും റസൂലും എന്ന് തൊട്ടാണ് കുട്ടികൾക്ക് രോഗം വരുന്നത് പ്രതിരോധിക്കരുത് എന്നും മരുന്ന് കൊടുക്കാതെ കൊല്ലണം എന്നും കൽപ്പിച്ചത്?
നിങ്ങൾ മതം പുഴുങ്ങി വിളമ്പി സ്വന്തം വീട്ടിലേക്ക് അരി വാങ്ങുമ്പോൾ വിളക്കണഞ്ഞു പോകുന്ന അസംഖ്യം കുടുംബങ്ങൾ ഉണ്ട്‌.

ദയവ് ചെയ്ത് ആരും ഗോൾ ബ്ലാഡർ ഏതാ യൂറിനറി ബ്ലാഡർ ഏതാണെന്ന് വേറിട്ടറിയാത്ത ‘ചികിത്സകർ’ പുലമ്പുന്നത് കേട്ട് വീട്ടിൽ പ്രസവിക്കാനും കുട്ടികൾക്ക് കുത്തിവെപ്പ് നിഷേധിക്കാനും ചികിത്സ നിഷേധിക്കാനുമൊന്നും ശ്രമിക്കരുത്. സ്വന്തം ചോരയെ കാക്കാൻ കഴിയാത്തവരാണോ നിങ്ങളെ രക്ഷിക്കാൻ പോകുന്നത്?

ആ കുഞ്ഞാവക്ക് ഈ ഗതി വന്നതിലുള്ള അങ്ങേയറ്റം വേദനയോടെ, നിസ്സഹായതയോടെ, ഹൃദയപൂർവ്വം ആദരാഞ്ജലികൾ അർപ്പിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *