ഡോക്ടർ ബി. ഇക്ബാൽ
പനിയും ശ്വാസകോശ സംബന്ധമായ അസുഖങ്ങളുമായി ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവർക്ക് കോവിഡ് ടെസ്റ്റ് നിർബന്ധമായും നടത്തണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്. ഇതോടൊപ്പം ഫ്ലൂ ടെസ്റ്റും (H1N1) നടത്തേണ്ടതാണ്. മഴക്കാലത്ത് സാധാരണയായി കാണുന്ന പനിക്ക് പ്രധാന കാരണം ഫ്ലൂ ആണ്. ഫ്ലൂ സ്ഥിരീകരിച്ചാൽ, ഫലപ്രദമായ ആൻ്റിവൈറൽ മരുന്ന് നൽകി രോഗം ഭേദമാക്കാൻ സാധിക്കും. രോഗലക്ഷണം ആരംഭിച്ച് 48 മണിക്കൂറിനകം ആൻ്റി വൈറൽ നൽകുന്നതാണു ഉചിതം.
കഴിഞ്ഞ വർഷം കേരളത്തിൽ 2846 ഫ്ലൂ കേസുകളും 61 മരണങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ, ഫ്ലൂ ടെസ്റ്റിംഗ് കുറവായതിനാൽ യഥാർത്ഥ രോഗികളുടെയും മരണപ്പെട്ടവരുടെയും എണ്ണം ഇതിലും കൂടുതലായിരിക്കാൻ സാധ്യതയുണ്ട്.
ഫ്ലൂവിനെതിരെ ഫലപ്രദമായ വാക്സിൻ ലഭ്യമാണ്. പ്രമേഹം പോലുള്ള രോഗങ്ങളുള്ളവരും മുതിർന്ന പൗരരും വർഷത്തിലൊരിക്കൽ ഫ്ലൂ വാക്സിൻ എടുക്കേണ്ടതാണ്.