July 8, 2025
മൂന്ന് പരിശോധന ഫലവും പോസിറ്റീവ്’; തനിക്ക് ഓട്ടിസം ഉണ്ടെന്ന് വെളിപ്പെടുത്തി ഗായിക ജ്യോത്സന

മൂന്ന് പരിശോധന ഫലവും പോസിറ്റീവ്’; തനിക്ക് ഓട്ടിസം ഉണ്ടെന്ന് വെളിപ്പെടുത്തി ഗായിക ജ്യോത്സന

തനിക്ക് ഓട്ടിസം ഉണ്ടെന്ന് വെളിപ്പെടുത്തി ഗായിക ജ്യോത്സ്ന. ജീവിതത്തിൽ അതുവരെ സ്വയം ചോദിച്ചു കൊണ്ടിരുന്ന പല ചോദ്യങ്ങൾക്കും ഉത്തരം തന്നത് ആ ടെസ്റ്റ് റിസൾട്ട് ആയിരുന്നെന്നും ഗായിക പറഞ്ഞു.
ഓട്ടിസത്തെ കുറിച്ച് സമൂഹത്തിൽ അവബോധമുണ്ടാക്കാനാണ് ഇത്തരമൊരു തുറന്നുപറച്ചിലിന് മുതിർന്നതെന്നും ജ്യോത്സന കൂട്ടിച്ചേർത്തു.

ജീവിതത്തിന്റെ ഒരു ഘട്ടത്തിൽ എല്ലാത്തിൽ നിന്നും ഓടി രക്ഷപ്പെടണമെന്ന് തോന്നുകയും അങ്ങനെ യുകെയിലേക്ക് പോവുകയും ചെയ്തെന്നും ജ്യോത്സന പറഞ്ഞു. അവിടെ വച്ച് ഒരു കോഴ്സ് പഠിക്കാൻ തുടങ്ങുകയും അത് തന്നെക്കുറിച്ച് ചില സംശയങ്ങൾ ഉണ്ടാക്കുകയും അങ്ങനെ മാനസികരോഗ വിദഗ്ധനെ കണുകയുമായിരുന്നെന്നും ജ്യോത്സന പറഞ്ഞു.

തുടർന്ന് നടത്തിയ പരിശോധനയിലാണ് ഓട്ടിസം ഉണ്ടെന്ന് സ്ഥിരീകരിക്കുന്നത്. ഉറപ്പിക്കാനായി മൂന്ന് തവണ പരിശോധന നടത്തിയെന്നും ജ്യോത്സന പറഞ്ഞു. ഓട്ടിസം കണ്ടുപിടിച്ചപ്പോഴാണ് ജീവിതത്തിൽ അതുവരെ ഉണ്ടായിരുന്ന പല ചോദ്യങ്ങൾക്കും ഉത്തരം ലഭിക്കുന്നതെന്നും ജ്യോത്സന കൂട്ടിച്ചേർത്തു. ഓട്ടിസത്തെ കുറിച്ച് കൂടുതൽ അവബോധം സൃഷ്‌ടിക്കാനാണ് താൻ ഇത് തുറന്നു പറയുന്നതെന്ന് പറഞ്ഞ ജ്യോത്സന മാറ്റം അടിത്തട്ടിൽ നിന്നാണ് ഉണ്ടാവേണ്ടതെന്നും വിടുകളിൽ നിന്നും വിദ്യാലയങ്ങളിൽ നിന്നും വേണം അത് ആരംഭിക്കാനെന്നും പറഞ്ഞു.

ജ്യോത്സനയുടെ വാക്കുകൾ

ഹൈലി മാസ്ക‌ിങ് ഓട്ടിസ്‌റ്റിക് അഡൾട്ട് ആണ് ഞാൻ. എന്താണ് ഇവൾ പറയുന്നത്, കാണുമ്പോൾ ഓട്ടിസം ഉള്ളത് പോലെ തോന്നുന്നില്ലല്ലോ എന്ന് നിങ്ങൾ പറയാം. അത് നിങ്ങൾക്ക് ഓട്ടിസത്തെ കുറിച്ച് അറിയാത്തത് കൊണ്ടാണ്. നമ്മൾ എല്ലാവരും ഒരു രീതിയിൽ അല്ലെങ്കിൽ മറ്റൊരു രീതിയിൽ ഓട്ടിസ്‌റ്റിക് ആണെന്ന് പറയുന്നവരുമുണ്ട്. പക്ഷേ അങ്ങനെയല്ല. ഒന്നല്ലെങ്കിൽ നിങ്ങൾക്ക് ഓട്ടിസം ഉണ്ടായിരിക്കും അല്ലെങ്കിൽ ഇല്ലായിരിക്കും. ഓട്ടിസം അല്ലെങ്കിൽ ന്യൂറോ ഡൈവർജൻ്റ്സ് (ബുദ്ധിവികാസവുമായി ബന്ധപ്പെട്ട മാനസിക വ്യതിയാനങ്ങൾ) എന്ന് പറയുന്നത് വ്യത്യസ്തമായ രീതിയിൽ ലോകത്തെ കാണുകയും മനസ്സിലാക്കുകയും ചെയ്യുക എന്നതാണ്.

ഓട്ടിസം കണ്ടുപിടിച്ചപ്പോഴാണ് ജീവിതത്തിൽ അതുവരെ ഉണ്ടായിരുന്ന പല ചോദ്യങ്ങൾക്കും ഉത്തരം ലഭിക്കുന്നത്. എന്റെ ചുറ്റും നടക്കുന്ന എല്ലാത്തിനോടും ഞാൻ വൈകാരികമായി പ്രതികരിച്ചുകൊണ്ടിരുന്നതിന്റെയും എല്ലാം വളരെ ആഴത്തിൽ അനുഭവിച്ചുകൊണ്ടിരുന്നതിന്റെയും കാരണം മനസ്സിലായത് അപ്പോഴാണ്. ചുറ്റുമുള്ളവരെല്ലാം പറഞ്ഞിട്ടും എന്തുകൊണ്ട് എനിക്ക് എല്ലാം എളുപ്പത്തിൽ എടുക്കാൻ കഴിഞ്ഞിരുന്നില്ല എന്നും അപ്പോഴാണ് തിരിച്ചറിഞ്ഞത്. ന്യൂറോ ടിപ്പിക്കലായിട്ടുള്ള ആളുകൾക്ക് വേണ്ടി അവർ നിർമിച്ച ലോകത്ത് ജീവിക്കുന്നതിന്റെ ഭാഗമായി എന്നെ മാസ്‌ക് ചെയ്യാനുള്ള നിരന്തരമായ ശ്രമങ്ങളായിരുന്നു എല്ലാത്തിനും കാരണം.

ഓട്ടിസത്തെ കുറിച്ച് കൂടുതൽ അവബോധം സൃഷ്‌ടിക്കാനാണ് ഞാൻ ഇത് തുറന്നു പറയുന്നത്. എൻ്റെ ജീവിതത്തിലുടനീളം ഞാൻ ചോദിച്ചിട്ടുള്ള അതേ ചോദ്യങ്ങൾ ഇപ്പോഴും സ്വയം ചോദിക്കുന്ന നിരവധി പേർ ഇവിടെയുണ്ടെന്ന് എനിക്ക് അറിയാം. മാറ്റം അടിത്തട്ടിൽ നിന്നാണ് ഉണ്ടാവേണ്ടത്. വിടുകളിൽ നിന്നും വിദ്യാലയങ്ങളിൽ നിന്നും വേണം അത് ആരംഭിക്കാൻ. ഓട്ടിസം കണ്ടുപിടിക്കാനുള്ള ടൂളുകൾ നമുക്ക് ആവശ്യമാണ്. കാരണം അവർക്ക് വേണ്ടി നിർമിക്കാത്ത ഒരു ലോകത്താണ് അവർ ജീവിക്കാൻ നിർബന്ധിതരാകുന്നത്. അവരുടെ കഷ്‌ടപ്പാടുകൾ പുറത്ത് കാണാൻ കഴിയുന്നില്ലെന്നതാണ് അവസ്‌ഥ കൂടുതൽ മോശമാക്കുന്നത്.’

Leave a Reply

Your email address will not be published. Required fields are marked *