July 8, 2025
പെർഫ്യൂഷനിസ്റ്റുകൾ യോഗ്യരല്ലെന്ന് ആരോപണം:തൃശൂർ മെഡിക്കൽ കോളേജിൽ ഹൃദയ ശസ്ത്രക്രിയ സ്തംഭിച്ചു.

പെർഫ്യൂഷനിസ്റ്റുകൾ യോഗ്യരല്ലെന്ന് ആരോപണം:തൃശൂർ മെഡിക്കൽ കോളേജിൽ ഹൃദയ ശസ്ത്രക്രിയ സ്തംഭിച്ചു.

പി. വി. മനോജ്‌ കുമാർ

തൃശൂർ: തൃശൂർ മെഡിക്കൽ കോളേജിൽ കഴിഞ്ഞ രണ്ടാഴ്ചയായി ഹൃദയ ശസ്ത്രക്രിയകൾ നിർത്തിവെച്ചു. ഇതേത്തുടർന്ന് മുപ്പതിലേറെ രോഗികളാണ് വിഷമത്തിലായത്. ജീവിതത്തിനും മരണത്തിനും ഇടയിൽ കഴിയുന്ന പല രോഗികളും ആശങ്കയിലുമാണ്.

ഹൃദയ ശസ്ത്രക്രിയ നിർത്തി വെച്ചതിന് അതിവിചിത്രമായ കാരണമാണ് പറഞ്ഞുകേൾക്കുന്നത്.
ഹൃദയശസ്ത്രക്രിയാ വിഭാഗത്തിൽ സർക്കാർ നിയമിച്ച രണ്ട് പെർഫ്യുഷനിസ്റ്റുകളെ വെച്ച് ശസ്ത്രക്രിയ നടത്താൻ കഴിയില്ലെന്ന കാർഡിയോ തൊറാസിക് സർജന്റെ നിലപാടാണ് ഇതിൽ പ്രധാനം. ഇവരുടെ യോഗ്യതതയിലും കഴിവിലും വിശ്വാസമില്ലെന്നും ഇവരെ വെച്ച് സർജറി നടത്തിയാൽ എന്ത് സംഭവിക്കുമെന്ന് പറയാനാവില്ലെന്നും അദ്ദേഹം പ്രിൻസിപ്പലിനെ രേഖാമൂലം അറിയിച്ചിട്ടുണ്ട്. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഈ പരാതി കഴിഞ്ഞയാഴ്ച ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് അയച്ചിട്ടുമുണ്ട്.

ആഴ്ചയിൽ രണ്ട് ഹൃദയ ശസ്ത്രക്രിയയാണ് ഇവിടെ നടത്തുക. ഇതിനനുസൃതമായി 36 പേർക്ക് സർജറി തീയതിയും നിശ്ചയിച്ചു നൽകിയിരുന്നു. സംഭവത്തെപ്പറ്റി ഡയറക്ടർ വിശദ റിപ്പോർട്ട് ആവശ്യപ്പെട്ടതോടെ ഇതെല്ലാം തകിടം മറിഞ്ഞു.
പാവം രോഗികൾ എന്തും സംഭവിക്കാവുന്ന ഹൃദയങ്ങളുമായി ആശങ്കയിലുമായി.

ശസ്ത്രക്രിയ നടക്കുമ്പോൾ രോഗിയുടെ ജീവൻ സാധാരണ നിലയിൽ നിലനിർത്തി നിയന്ത്രിക്കുന്നവരാണ് ഫെർഫ്യൂഷനിസ്റ്റുകൾ.
ഹാർട്ട് ലംഗ് മെഷീൻ ഉൾപ്പെടെ കൈകാര്യം ചെയ്യേണ്ടതും ഇവരാണ്.
ഇപ്പോഴുള്ള രണ്ട് പെർഫ്യൂഷനിസ്റ്റുകളിൽ ഒരാൾ പി എസ് സി വഴി നിയമനം ലഭിച്ചയാളാണ്. മറ്റൊരാൾ എച്ച് ഡി സി (ഹോസ്പിറ്റൽ ഡെവലപ്പ്മെന്റ് കമ്മിറ്റി) വഴിയാണ് നിയമിതനായത്.

വിഷയം ചർച്ചയായതോടെ ജില്ലാ കളക്ടർ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ, സൂപ്രണ്ട് എന്നിവരടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുടെ യോഗം കഴിഞ്ഞ ബുധനാഴ്ച വിളിച്ചുചേർത്തു. വ്യാഴാഴ്ച മെഡിക്കൽ കോളേജ് ആശുപത്രി അധികൃതരും അടിയന്തര യോഗം ചേർന്നു.

തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടിനെയും ഡെപ്യൂട്ടി സൂപ്രണ്ടിനെയും ഫോണിൽ ബന്ധപ്പെട്ടുവെങ്കിലും മീറ്റിങ്ങിലാണ് എന്ന പതിവ് കാരണംപറഞ്ഞ് പ്രതികരണത്തിന് തയ്യാറായില്ല.

Leave a Reply

Your email address will not be published. Required fields are marked *