കണ്ണൂർ : രണ്ടുരൂപ ഡോക്ടർ എന്ന് പ്രസിദ്ധനായിരുന്ന കണ്ണൂരിലെ ജനകീയ ഡോക്ടർ എ.കെ. രൈരു ഗോപാൽ (80) അന്തരിച്ചു.

കണ്ണൂർ : രണ്ടുരൂപ ഡോക്ടർ എന്ന് പ്രസിദ്ധനായിരുന്ന കണ്ണൂരിലെ ജനകീയ ഡോക്ടർ എ.കെ. രൈരു ഗോപാൽ (80) അന്തരിച്ചു. വീട്ടിലാണ് അന്ത്യം സംഭവിച്ചത്. രോഗികളിൽ നിന്ന് രണ്ട് രൂപ ഫീസ് മാത്രം വാങ്ങിയായിരുന്നു ചികിത്സ. അങ്ങനെയാണ് ഈ പേരുവന്നത്. 18 ലക്ഷത്തിലേറെ രോഗികളെ പരിശോധിച്ചും മരുന്ന് നൽകിയിട്ടുമുള്ള ഡോക്ടർ ‘സ്വയം വിരമിച്ചത്’ 2024 മെയ് മാസമായിരുന്നു. രോഗികളെ പരിശോധിച്ച് മരുന്നുനൽകാനുള്ള ആരോഗ്യമില്ലാത്തതിനാൽ ചികിത്സ മതിയാക്കുന്നുവെന്ന് വീട്ടിലെ ഗേറ്റിനു മുന്നിൽ ബോർഡുവെച്ചാണ് വിരമിക്കൽ നടത്തിയത്.
അച്ഛന്റെ നിർദ്ദേശ പ്രകാരമാണ് ഡോ. രൈരു ഗോപാലൻ ഏറെക്കുറേ സൗജന്യമായ ചികിത്സ നടത്തിയത്. അദ്ദേഹം രോഗികളെ പരിശോധിച്ചു, മരുന്നുകൾ പോലും പലപ്പോഴും സൗജന്യമായി നൽകി. പണമുണ്ടാക്കാനാണെങ്കിൽ മറ്റെന്തെങ്കിലും പണിക്ക് പോയാൽ മതിയെന്ന് രൈരു ഗോപാലിന് അച്ഛൻ ഡോ. എ. ഗോപാലൻ നമ്പ്യാർ നൽകിയ ഉപദേശമാണ് ഡോ.രൈരുവിനെ ‘രണ്ടുരൂപ ഡോക്ടർ’ ആക്കി മാറ്റിയത്. പിൽക്കാലത്ത് ചികിത്സാ ഫീസ് രണ്ടുരൂപയിൽനിന്ന് പത്തുരൂപയാക്കിയെങ്കിലും അദ്ദേഹത്തിന്റെ പേരുമാറിയില്ല. വിലക്കുറവുള്ള ഗുണമേൻമയുള്ള മരുന്നുകളാണ് ഡോക്ടർ കുറിക്കുകയെന്നും ഇങ്ങനെയൊരു ഡോക്ടർ ഇനിയുണ്ടാവില്ലെന്നും കണ്ണൂർക്കാർ പറയുന്നു. പരേതരായ ഡോ. എ.ജി. നമ്പ്യാരും എ.കെ. ലക്ഷ്മിക്കുട്ടിയമ്മയുമായിരുന്നു മാതാപിതാക്കൾ. ഭാര്യ: പി.ഒ. ശകുന്തള. മക്കൾ: ഡോ. ബാലഗോപാൽ, വിദ്യ. മരുമക്കൾ: ഡോ. തുഷാരാ ബാലഗോപാൽ, ഭാരത് മോഹൻ. ഡോ. വേണുഗോപാൽ, പരേതനായ ഡോ. കൃഷ്ണഗോപാൽ, ഡോ. രാജഗോപാൽ എന്നിവരാണ് സഹോദരങ്ങൾ.
പുലർച്ചെ നാലുമുതൽ വൈകിട്ട് നാലുവരെ അദ്ദേഹം രോഗികളെ പരിശോധിച്ചിരുന്നു. പിന്നീട് രാവിലെ ആറുമുതൽ വൈകിട്ട് നാലുവരെയാക്കി. തളാപ്പ് എൽഐസി ഓഫീസിന് സമീപത്തെ വീട്ടിലാണ് 35 വർഷം രോഗികളെ പരിശോധിച്ചത്. പിന്നീട് താണ മാണിക്കക്കാവിനടുത്ത് ‘ലക്ഷ്മി’ വീട്ടിൽ 10 വർഷം പരിശോധന തുടർന്നു. ജില്ലയ്‌ക്ക് പുറത്തുനിന്നും രോഗികൾ വരെ എത്തിയിരുന്നു.



