ലോകത്ത് ഒരാൾക്കുമില്ലാത്ത പുതിയ രക്തഗ്രൂപ്പുമായി കർണാടക സ്വദേശിനി. കഴിഞ്ഞ ദിവസം ബംഗളൂരുവിൽ ഹൃദയ ശസ്ത്രക്രിയക്കായി എത്തിയ കോലാർ ജില്ലയിലെ 38കാരിയുടെതാണ് അത്യപൂർവ രക്തഗ്രൂപ്പാണെന്ന് കണ്ടെത്തിയത്.
ഹൃദയ ശസ്ത്രക്രിയയുടെ ഭാഗമായുള്ള രക്ത പരിശോധന്ക്കിടെയാണ് മെഡിക്കൽ രംഗത്തെയാകെ അത്ഭുതപ്പെടുത്തുന്ന കണ്ടെത്തൽ. രക്തം പരിശോധിച്ചപ്പോൾ ഒആർഎച്ച് പോസിറ്റീവ് ആയിരിക്കുമെന്ന് ഡോക്ടർമാർ ആദ്യം കരുതി. എന്നാല്‍ ഈ ഗ്രൂപ്പ് ലഭ്യമായ ഒരു ഒ പോസിറ്റീവ് രക്ത ഗ്രൂപ്പുകളുമായും പൊരുത്തപ്പെടാതെ വന്നപ്പോഴാണ് വിദഗ്ധ പരിശോധന നടത്തിയത്. ഇതിന്റെ ഭാഗമായി യുവതിയുടെ രക്തം റോട്ടറി ബംഗളൂരു ടിടികെ ബ്ലഡ് സെന്‍ററിലെ അഡ്വാന്‍സ്ഡ് ഇമ്യൂണോ ഹെമറ്റോളി റഫറന്‍സ് ലബോറട്ടറിയിലേക്ക് കൈമാറി. തുടർന്ന് യുവതിയുടെയും 20 കുടുംബാംഗങ്ങളുടെയും രക്ത സാമ്പിളുകള്‍ കൂടുതല്‍ പരിശോധനയ്ക്കായി യുകെയിലെ ബ്രിസ്റ്റലിലുളള ‘ഇന്റര്‍നാഷണല്‍ ബ്ലഡ് ഗ്രൂപ്പ് റഫറന്‍സ് ലബോറട്ടറിയിലേക്ക് അയച്ചു. പത്തുമാസം നീണ്ടുനിന്ന വിപുലവും വിശദവുമായ ഗവേഷണത്തിന്റെയും തന്മാത്ര പരിശോധനയുടെയും ഫലമായി മുമ്പ് അറിയപ്പെടാത്ത ആന്റിജന്‍ കണ്ടെത്തിയതായി മറുപടി ലഭിച്ചതായി ടിടികെ ബ്ലഡ്ഗ്രൂപ്പ് സെന്ററിലെ ഡോ. അങ്കിത് മാഥൂര്‍ പറഞ്ഞു.
2025 ജൂണില്‍ ഇറ്റലിയില്‍ നടന്ന ഇന്റര്‍നാഷണല്‍ സൊസൈറ്റി ഓഫ് ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്റെ 35ാം റീജിയണല്‍ കോണ്‍ഗ്രസിലാണ് അത്യപൂർവ രക്തഗ്രൂപ്പിനെപ്പറ്റി പ്രഖ്യാപനം നടത്തുന്നത്. ക്രിബ് (CRIB) എന്നാണ് ഗവേഷകർ ഈ രക്തഗ്രൂപ്പിനു പേരിട്ടത്. ക്രിബ് (CRIB) എന്ന ആന്റിജന്‍ ബ്ലഡ്ഗ്രൂപ്പില്‍പ്പെടുന്ന ലോകത്തിലെ ആദ്യത്തെ വ്യക്തിയാണ് യുവതിയെന്ന് ഇന്റര്‍നാഷണല്‍ സൊസൈറ്റി ഓഫ് ബ്ലഡ് ട്രാന്‍സ്ഫ്യൂഷൻ പ്രഖ്യാപിച്ചു.
രക്തമൊന്നും ആവശ്യമില്ലാതെ തന്നെയാണ് യുവതിയുടെ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്. അത്യപൂർവ രക്തഗ്രൂപ്പ് കണ്ടെത്തിയ സാഹചര്യത്തിൽ അപൂർവമായതോ പുതുതായി തിരിച്ചറിഞ്ഞതോ ആയ രക്തഗ്രൂപ്പുകളുള്ള വ്യക്തികളെ പിന്തുണയ്ക്കുന്നതിനായി, റോട്ടറി ബാംഗ്ലൂർ ടിടികെ ബ്ലഡ് സെന്റർ പ്രത്യേക രജിസ്ട്രി സംവിധാനം ഒരുക്കിയതായി ഡോ. അങ്കിത് മാഥൂര്‍ പറഞ്ഞു. കർണാടക സ്റ്റേറ്റ് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ, ഐഐഎച്ച് (ഐസിഎംആർ, മുംബൈ) യുമായി സഹകരിച്ച്, ഇന്റർനാഷണൽ സൊസൈറ്റി ഓഫ് ബ്ലഡ് ട്രാൻസ്ഫ്യൂഷന്റെ പിന്തുണയോടെയാണിത്.
