ഡോക്ടർ എ. അൽത്താഫ്
നിപ്പ ഈ വർഷം ഇത് മൂന്നാമത്തെ കേസ്… റിപ്പോർട്ട് ചെയ്യപ്പെട്ട മൂന്ന് കേസുകളും പ്രൈമറി കേസുകൾ ആകാനുള്ള സാധ്യതയാണ് ഈ വർഷത്തെ രോഗ വ്യാപനത്തിന്റെ പ്രത്യേകത.
കേരളത്തിൽ ഇതേവരെ ഏഴ് ഔട്ട്ബ്രേക്കുകൾ ഉണ്ടായെങ്കിലും ആദ്യമായാണ് ഇങ്ങനെ ഒരേസമയം ഒന്നിലേറെ പ്രൈമറി കേസുകൾ.. പരസ്‌പരം ബന്ധമില്ലാതെ, വ്യത്യസ്ത ഇടങ്ങളിലുള്ള മൂന്ന് പേർക്ക് ഏതാണ്ട് ഒരേ സമയം പ്രകൃതിയിൽ നിന്ന് നേരിട്ട് രോഗം ബാധിക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത.
നിപ്പ രണ്ട് രീതിയിലാണ് മനുഷ്യരിലേക്ക് പകരുക.. ഒന്ന് വവ്വാലോ മറ്റ് ജന്തുജീവജാലങ്ങളോ മുഖേന പ്രകൃതിയിൽ നിന്ന് നേരിട്ട് മനുഷ്യരിലേക്ക് പകരുന്നത് – ഇതാണ് പ്രൈമറി കേസ്.
രോഗബാധിതനായ ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് രോഗം പകരുന്നതാണ് രണ്ടാമത്തെ രീതി (സെക്കന്ററി കേസ്)
2018 മുതൽ 2024 വരെ കേരളത്തിലുണ്ടായ ആറ് നിപ്പ ഔട്ട്ബ്രേക്കുകളിലും ഓരോ പ്രൈമറി കേസുകൾ മാത്രമാണ് ഉണ്ടായിരുന്നത്, മറ്റെല്ലാം സെക്കന്ററി കേസുകൾ. ഗുരുതരാവസ്ഥയിലുള്ള നിപ്പ രോഗികളിൽ നിന്ന് ആശുപത്രികളിൽ വെച്ച് മറ്റ് രോഗികൾക്കോ ആരോഗ്യ പ്രവർത്തകർക്കോ ഇങ്ങനെയാണ് രോഗം ബാധിക്കുന്നത്.
ഒരേ ഔട്ട്ബ്രേക്കിൽ ഒന്നിലേറെ പ്രൈമറി കേസുകൾ സാധാരണമല്ല; ബംഗ്ലാദേശിലെ ജനങ്ങളുടെ ജീവിത ശൈലിയുമായി ബന്ധപ്പെട്ട് അത്തരം കേസുകൾ നിരവധി അവിടെ റിപ്പോർട്ട് ചെയ്യപ്പെടാറുണ്ടെകിലും.
ഒരേ സമയം ഒന്നിലേറെ പ്രദേശങ്ങളിൽ നിരവധി പ്രൈമറി കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് നിപ്പ രോഗം കേരളത്തിൽ കൂടുതൽ വ്യാപകമാകാനുള്ള സാധ്യതയിലേക്ക് വിരൽ ചൂണ്ടുന്നു,
പ്രത്യേകിച്ച് പ്രകൃതിയിൽ നിന്ന് മനുഷ്യരിലേക്കുള്ള അതിന്റെ രോഗപ്പകർച്ചാ രീതി ഇനിയും കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ. വലിയൊരു വെല്ലുവിളി തന്നെയാണിത്.
പ്രൈമറി കേസ് & ഇന്റക്സ് കേസ് തമ്മിലുള്ള വ്യത്യാസം ?
നിപ്പ ഉൾപ്പെടെ സമീപ കാലത്ത് ഉണ്ടാകുന്ന പകർച്ച വ്യാധികളുടെ പശ്ചാത്തലത്തിൽ ആവർത്തിച്ച് കേൾക്കാറുള്ള രണ്ട് പദപ്രയോഗങ്ങളാണ് പ്രൈമറി കേസ് (primary case), ഇന്റക്സ് കേസ് (index case) എന്നിവ.
ഈ പദങ്ങൾ പലപ്പോഴും പരസ്പരം മാറ്റി തെറ്റായി ഉദ്ധരിക്കാറുണ്ട്..
പ്രൈമറി കേസ് = പരിസ്ഥിതിയിൽ നിന്ന് ആദ്യമായി രോഗം ബാധിച്ച വ്യക്തി
ഇന്റെക്സ് കേസ് = ആദ്യം കണ്ടെത്തിയ/റിപ്പോർട്ട് ചെയ്ത കേസ്
ഒരു ഔട്ബ്രേക്കിൽ ആദ്യം രോഗം ബാധിക്കുന്ന വ്യക്തിയെ പ്രൈമറി കേസ് എന്ന് പറയുമ്പോൾ ആദ്യം സമൂഹ ശ്രദ്ധയിൽ പെടുന്ന കേസിനെ ഇന്റക്സ് കേസ് എന്നും വിശേഷിപ്പിക്കുന്നു.
ഉദാഹരണത്തിന് കോഴിക്കോട് പേരാമ്പ്രയിൽ 2018 മെയ് മാസം അഞ്ചാം തീയതി മരണപ്പെട്ട നിപ്പ രോഗി ആദ്യ നിപ ഔട്ബ്രേക്കിലെ പ്രൈമറി കേസും മെയ് പതിനെട്ടാം തീയതി നിപ രോഗം ആദ്യമായി സ്ഥിരീകരിച്ച രോഗി ഇന്റക്സ് കേസും ആയിരുന്നു.. ആദ്യ രോഗിയിൽ നിന്ന് രോഗം ബാധിച്ച മറ്റുള്ളവർ സെക്കന്ററി കേസുകളും.. അവിടെ ഇന്റക്സ് കേസിൽ രോഗം സ്ഥിരീകരിക്കും മുമ്പ് തന്നെ ഇരുപത്തൊന്നോളം രോഗികളിലേക്ക് രോഗം പകർന്നിരുന്നു.
ചിലപ്പോഴൊക്കെ പ്രൈമറി കേസും ഇന്റക്സ് കേസും ഒന്ന് തന്നെ ആകാറുണ്ട്. ആദ്യ കേസ് തന്നെ കണ്ടെത്തുന്ന സാഹചര്യത്തിലാണ് അതുണ്ടാകുന്നത്. ശക്തമായ രോഗ നിരീക്ഷണ സംവിധാനം ഉണ്ടെങ്കിൽ മാത്രമാണ് അത് സാധ്യമാവുക.
- ഡോ എ അൽത്താഫ്