“പാസ്റ്ററും പഞ്ചറും ഒക്കെ കണക്ക് തന്നെ. ദയവ് ചെയ്ത് രണ്ട് ജീവനുകൾ വെച്ച് പരീക്ഷിക്കരുത്. കേരളമാണ്, സൗകര്യങ്ങൾക്കൊരു കുറവുമില്ല. കണ്ണടച്ച് ഇരുട്ടാക്കി കൊലപാതകം നടത്തരുത്. “

ഇടുക്കിയിൽ വീട്ടിലെ പ്രസവത്തിൽ നവജാത ശിശു മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഡോക്ടർ ഷിംന അസീസ് എഴുതുന്നു…
ഇന്ന് രാവിലെ ബിഹാറിൽ ജോലി ചെയ്യുന്ന ജില്ലയിൽ ഒരു പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ആ ബ്ലോക്കിലെ മുഴുവൻ പബ്ലിക് ഹെൽത് നേഴ്സുമാരുടെ ട്രെയിനിംഗ് ഉണ്ടായിരുന്നു. പതിവ് പോലെ വാക്സിനേഷൻ, ഗർഭിണികളുടെ പോഷകാഹാരം, ഫീൽഡിലെ കാൻസർ നിർണയം തുടങ്ങി പത്തൻപത് സ്ത്രീകളെ മുന്നിൽ കണ്ട വകയിൽ ആവേശ്കുമാരിയായി നമ്മൾ കത്തിക്കയറുന്നു…
ഇടക്ക് വെച്ച് ആ ബ്ലോക്കിലെ ഹെൽത്ത് മാനേജർ എൻ്റെ സംസാരം മുറിച്ച് ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ നവജാതശിശുമരണനിരക്ക് കൈവരിച്ച സംസ്ഥാനങ്ങളിലൊന്നായ കേരളത്തിൽ നിന്നും ആദ്യം കൈയിൽ കിട്ടിയ മലയാളി എന്ന നിലക്ക് മുഴുവൻ കേരളത്തിനും വേണ്ടി എന്നെ അഭിനന്ദിക്കുന്നു. ഹർഷാരവം, രോമാഞ്ചം, അഭിമാനം, ഫുൾ വൈബ്. ഒന്നും പറയേണ്ട.
അവിടത്തെ യുദ്ധം കഴിഞ്ഞ് ഓഫീസിൽ തിരിച്ചെത്തി താഴത്തെ നിലയിലെ ‘ദീദി കി രസോയി’യിലെ ദാൽ ചാവൽ കഴിക്കുമ്പോ വെറുതെ ന്യൂസ് സ്ക്രോൾ ചെയ്തതാണ്.
‘കൊച്ചിനേം തള്ളയേയും കർത്താവ് നോക്കിക്കോളും എന്ന് പറഞ്ഞ് ഇടുക്കി ജില്ലയിൽ പാസ്റ്റർ ആയ ഭർത്താവ് വീട്ടിൽ നിന്ന് പ്രസവമെടുത്ത് നവജാതശിശു മരിച്ചിരിക്കുന്നു.’
രാവിലെ തൊട്ട് മനസ്സിലുണ്ടായിരുന്ന സന്തോഷത്തിന്റെ വർണാഭമായ കുമിള അപ്പടി തവിടുപൊടി. ആ വലിയ നേട്ടം പ്രസിദ്ധീകൃതമായി ഇരുപത്തിനാല് മണിക്കൂർ തികയ്ക്കാൻ ഈ മനുഷ്യർ സമ്മതിക്കുന്നില്ലല്ലോ…
എന്തിനാണ് ഈ അറിയാത്ത പണി ചെയ്ത് കൊലപാതകി ആവുന്നത്? ആശുപത്രിയിൽ പോയിരുന്നെങ്കിൽ ആ ചോരക്കുഞ്ഞ് രക്ഷപ്പെടില്ലായിരുന്നോ? ആശുപത്രിയിൽ കുട്ടികൾ മരണപ്പെടുന്നുണ്ടാകാം. നവജാതശിശുമരണനിരക്ക് ഇന്ത്യയിൽ തന്നെ ഏറ്റവും കുറവുള്ള വലിയ സംസ്ഥാനമാണ് കേരളം. ആയിരം പ്രസവങ്ങൾ നടക്കുമ്പോൾ അഞ്ച് കുട്ടികൾ മാത്രം മരിക്കുകയെന്ന അനുപാതം ഇപ്പോഴും അമേരിക്കയെന്ന വികസിതരാജ്യത്തിന് പോലും സ്വായത്തമായിട്ടില്ല.
ഇങ്ങ് ബിഹാറിൽ കേരളത്തിന്റെ അഞ്ചിരട്ടി മക്കൾ പ്രസവസമയത്ത് മരിക്കുന്നുണ്ട്. അങ്ങുമിങ്ങും തമ്മിലുള്ള സർക്കാർ ആശുപത്രിയിലെ സൗകര്യങ്ങളിൽ പോലും രാപകൽ അന്തരമുണ്ട്. ചികിത്സിക്കാൻ പരമാവധി ശ്രമിച്ചു കീഴടങ്ങുന്നത് പോലെയല്ല വീട്ടിൽ ഇജ്ജാതി പരാക്രമം നടത്തി പ്രിയപ്പെട്ടവരെ കൊലക്ക് കൊടുക്കുന്നത്.
പാസ്റ്ററും പഞ്ചറും ഒക്കെ കണക്ക് തന്നെ. ദയവ് ചെയ്ത് രണ്ട് ജീവനുകൾ വെച്ച് പരീക്ഷിക്കരുത്. കേരളമാണ്, സൗകര്യങ്ങൾക്കൊരു കുറവുമില്ല. കണ്ണടച്ച് ഇരുട്ടാക്കി കൊലപാതകം നടത്തരുത്.
എന്തൊരു കഷ്ടമാണ്!
ഡോ. ഷിംന അസീസ്



