കണ്ണൂർ,: അസഹ്യമായ വേദനയുമായി ആശുപത്രിയിലെത്തിയ വയോധികയുടെ കണ്ണില്‍ നിന്നും പ്രത്യേകയിനം വിരയെ നീക്കം ചെയ്തു. കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശിനിയായ പ്രസന്ന(75)യുടെ കണ്ണില്‍ നിന്നുമാണ് ഡോക്ടര്‍മാര്‍ നീളന്‍ വിരയെ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത്. കോഴിക്കോട് ഉള്ള്യേരിയിലെ മലബാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ നടന്നത്.
കണ്ണിന് അസഹ്യമായ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് പ്രസന്ന ആശുപത്രിയിലെത്തിയത്. വിശദമായ പരിശോധനയിലാണ് കണ്ണില്‍ വിരയുള്ളതായി കണ്ടെത്തിയതും ശസ്ത്രക്രിയ നടത്തിയതും. വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയെങ്കിലും ഭേദമാകാത്തതിനെ തുടര്‍ന്നാണ് ഇവര്‍ ഉള്ള്യേരിയിലെ ആശുപത്രിയില്‍ എത്തിയത്.
ഇവിടെ നടത്തിയ വിദഗ്ധ പരിശോധനയില്‍ ഡോക്ടര്‍മാര്‍ വിരയെ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയ നടത്താൻ തീരുമാനിച്ചു. നേത്രവിഭാഗത്തിലെ എച്ച്ഒഡി ഡോ. കെ വി രാജു, ഡോ. സി വി സാരംഗി എന്നിവരുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടത്തിയത്.