പി. വി. മനോജ് കുമാർ

കാസർകോട്: ജീവിതം കരുപ്പിടിപ്പിക്കാൻ ആക്രി പെറുക്കി വരുമാനം കണ്ടെത്തിയ മുത്തുവിനും മാരിമുത്തുവിനും ഇത് അഭിമാന നിമിഷം. ‘പെറുക്കി ഒരുക്കിയ’ജീവിതം കൊണ്ട് അവരുടെ ഇളയ മകൾ അഞ്ജലി ഇന്ന് ഡോക്ടറാണ്. മടിവയൽ എന്ന ഗ്രാമത്തിലെ ആദ്യ ഡോക്ടർ.
20 വർഷം മുമ്പ് തമിഴ്നാട്ടിൽ നിന്നും കാസർകോട് ജില്ലയിലെ പിലിക്കോട് മടിവയലിൽ എത്തിയതാണ് മുത്തുവും മാരിമുത്തുവും. ജീവിതത്തിന്റെ ഓരോ ഇഞ്ചും പോരാട്ടമായിരുന്നു, പ്രാരാ ബ്ധങ്ങളോട്, പ്രതിസന്ധികളോട്. എന്നാൽ പിലിക്കോടും മടിവയലിലുമുള്ള നാട്ടുകാർ അവരെ ചേർത്തു പിടിച്ചു.
ഗ്രാമീണ കേന്ദ്രങ്ങളിൽ ചെന്ന് ആക്രി പെറുക്കിയാണ് ഇവർ ജീവിതം മുന്നോട്ട് കൊണ്ടുപോയത്. പ്രതിസന്ധികളെ കൂസാതെ മുത്തുവും മാരിമുത്തുവും മൂന്ന് മക്കൾക്കും നല്ല വിദ്യാഭ്യാസം നൽകി. ഇതിന്റെ മധുര ഫലമാണ് മകൾ അഞ്ജലി തന്റെ മാതാപിതാക്കൾക്ക് സമ്മാനിച്ചത്. കഴിഞ്ഞ ദിവസം ചെന്നൈ എം ജി ആർ യൂണിവേഴ്സിറ്റിയുടെ കോയമ്പത്തൂർ ക്യാമ്പസിൽ നിന്നും അഞ്ജലി എം ബി ബി എസ് ബിരുദം ഉന്നത നിലയിൽ പാസായി.
പഠന കാലയളവിൽ അഞ്‌ജലിയും സഹോദരങ്ങളും അച്ഛനമ്മമാരെ തൊഴിലിൽ സഹായിക്കുമായിരുന്നു. സ്കൂൾ വിട്ടുവന്ന ശേഷം അഞ്ജലിയും സഹോദരങ്ങളായ രേവതിയും സൂര്യ കുമാറും ആക്രി സാധനങ്ങൾ തരംതിരിക്കാനും മറ്റുമുള്ള തിരക്കിലാകും. അതിനുശേഷം രാത്രിയിൽ പഠനം. പഠിക്കുന്ന കാര്യത്തിൽ അഞ്ജലി ഒരു വിട്ടുവീഴ്ചയും കാണിച്ചില്ല. ചെറുവത്തൂർ വെൽഫെയർ
സ്കൂളിലായിരുന്നു ഏഴുവരെ പഠിച്ചത്. എന്നും സ്കൂളിലെ ടോപ്പർ. പിന്നീട് പിലിക്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി. കുട്ടമത്ത് ഗവ. ഹയർ സെക്കൻഡറിയിൽനിന്ന് പ്ലസ്‌ടുവും എല്ലാ വിഷയത്തിനും എ പ്ലസ് ഓടെ പാസായി.
ഈ സമയത്താണ് ഡോക്ടർ ആകുക എന്ന തന്റെ സ്വപ്നം അഞ്ജലി തുറന്നുപറയുന്നത്. ഒന്നും നോക്കാതെ ആ മാതാപിതാക്കൾ അഞ്ജലിക്കൊപ്പം നിന്നു. കൂടുതൽ സമയം ആക്രി ശേഖരിച്ചും പണിയെടുത്തും കടം വാങ്ങിയും മകളെ പഠിപ്പിച്ചു. അഭിമാനാർഹമായ നേട്ടം, ആ സ്വപ്നം അഞ്ജലി സാക്ഷാത്കരിച്ചു.
കഴിഞ്ഞ ദിവസം കോയമ്പത്തൂർ എം ജി ആർ മെഡിക്കൽ കോളേജിൽ നടന്ന ബിരുദ ദാന ചടങ്ങിൽ അഞ്ജലി തന്റെ എം ബി ബി എസ് സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. ആ അഭിമാന നിമിഷത്തിന് സാക്ഷ്യം വഹിക്കാൻ നിറകണ്ണുകളോടെ മുത്തുവും മാരിമുത്തുവും അഞ്ജലിയുടെ സഹോദരങ്ങളുമുണ്ടായിരുന്നു.
പി ജി പഠനമാണ് അടുത്ത ലക്ഷ്യമെന്ന് ഡോ. അഞ്ജലി പറയുന്നു. വലിയ സന്തോഷമാണ് മനസ്സിലെന്ന് മുത്തുവും മാരിമുത്തുവും.
മടിവയലിന്റെ ആദ്യ ഡോക്ടറെ നാട്ടുകാർ അഭിമാനത്തോടെയാണ് എതിരേൽക്കുന്നത്.
അഞ്ജലിയുടെ സഹോദരി രേവതി പോസ്റ്റൽ വകുപ്പിൽ ജീവനക്കാരിയാണ്. സഹോദരൻ സൂര്യകുമാർ പോളിടെക്നിക്ക് ഡിപ്ലോമ കഴിഞ്ഞ് കൊറിയർ സ്ഥാപനത്തിൽ ജീവനക്കാരൻ.
അഞ്ജലിയുടെ നേട്ടത്തിൽ പിലിക്കോടും മടിവയലും അടക്കമുള്ള ഗ്രാമങ്ങൾ ആഹ്ലാദത്തിന്റെ കൊടുമുടിയിലാണ്.