ഡോക്ടർ ബി. ഇക്ബാൽ
ഇന്ത്യയിൽ ചില സംസ്ഥാനങ്ങളിലും കേരളത്തിൽ എതാനൂം ജില്ലകളിലും കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടുവരുന്നു. കേരളത്തിൽ ഇരുനൂറോളം പേരെ രോഗം ബാധിച്ചിട്ടുണ്ട്. ഇതിൽ അത്ഭുതപ്പെടേണ്ടതില്ല.
മഹാമാരികൾ (Pandemics) നിയന്ത്രണ വിധേയമായി കഴിഞ്ഞാൽ അവ പ്രാദേശിക രോഗങ്ങളായി മാറി ഇടക്കിടെ പ്രത്യക്ഷപ്പെടാൻ സാധ്യതയുണ്ട്. മനുഷ്യശരീരത്തിൽ മാത്രം കാണപ്പെടുന്ന വൈറസുകളെ മാത്രമേ നമുക്ക് പൂർണ്ണമായും നിർമ്മാർജ്ജനം ചെയ്യാനാവൂ. അങ്ങിനെ വസൂരി, പോളിയോ എന്നീ വൈറസുകൾ മാത്രമാണൂള്ളത്. രണ്ടിനും ഫലവത്തായ വാക്സിനുമുണ്ട്. വസൂരി നിർമ്മാർജ്ജനം ചെയ്യപ്പെട്ടു കഴിഞ്ഞു. പോളിയോ നിർമ്മാർജ്ജനം അതിൻ്റെ അന്ത്യഘട്ടത്തിലാണെന്ന് പറയാം.
ഒന്നാം ലോകമഹായുദ്ധകാലത്ത് ഏതാണ്ട് അഞ്ച് കോടി ജനങ്ങളുടെ മരണത്തിനു കാരണമായ ഫ്ലൂ (H1N1 )രോഗം പ്രാദേശിക രോഗമായി കേരളത്തിലും നിലനിൽക്കുന്നുണ്ട്. വാക്സിനും ചികിത്സക്കുള്ള ആൻ്റി വൈറലും ലഭ്യമായിട്ടും 2023 ൽ 1036 പേരെ ഫ്ലു ബാധിക്കയും 68 പേർ മരണമടയുകയും ചെയ്തു. 2024 ജൂലൈ വരെ 345 കേസുകളും 5 മരണങ്ങളൂം റിപ്പോർട്ട് ചെയ്തിരുന്നു.
കേരളത്തിൽ ഇപ്പോഴ്യുള്ളത് ഒമിക്രോൺ കോവിഡ് വകഭേദമാണെന്ന് ജനിത പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. പുതിയ വകഭേദങ്ങളുടെ രോഗകാഠിന്യം (Virulence) കുറവാണെങ്കിലും വ്യാപനനിരക്ക് (Infectivity) കൂടുതലായിരിക്കും.
കോവിഡിൻ്റെ പുതിയ വകഭേദങ്ങളെകൂടി നിയന്ത്രിക്കാവുന്ന പുതിയ വാക്സിൻ വൈകാതെ മാർക്കറ്റ് ചെയ്യപ്പെടുമെന്നാണ് ഇപ്പോൾ വിവിധ രാജ്യങ്ങളിൽ നടക്കുന്ന ഗവേഷണങ്ങളിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നത്
കോവിഡ് ഫ്ലു രോഗങ്ങളുടെ കാര്യത്തിൽ മാസ്ക് ധരിക്കലാണു പ്രധാനം. പനിയും ചുമയും മറ്റുമുള്ളവർ വീട്ടിനകത്ത് കഴിയുമ്പോൾ പോലും മാസ്ക് ധരിച്ചിരിക്കണം. ആശുപത്രിയിൽ പോകുന്നവരെല്ലാം തന്നെയും മാസ്ക് ധരിച്ചിരിക്കേണ്ടതാണ്. കോവിഡ് കാലത്ത് ശീലമായി വന്ന കൈകഴുകലൂം മറ്റും തുടരുകയും വേണം. മുതിർന്ന പൗരന്മാരും പ്രമേഹം, ശ്വാസകോശരോഗങ്ങൾ തുടങ്ങിയ രോഗങ്ങളുള്ളവരും എപ്പോഴും മാസ്ക് കൈയിൽ കരുതുകയും ആവശ്യമായ അവസരങ്ങളിലെല്ലാം ഉപയോഗിക്കാൻ (ആശുപത്രികൾ, ആൾക്കൂട്ട സന്ദർഭങ്ങൾ, അടഞ്ഞ ഏ സി മുറികൾ, എയർപോർട്ട് ) പ്രത്യേകം ശ്രദ്ധിക്കയും വേണം.