July 8, 2025
കാൻസർ ചികിത്സാ രംഗത്ത് വിപ്ലവമുന്നേറ്റം സമ്മാനിച്ച് ദക്ഷിണ കൊറിയ.

കാൻസർ ചികിത്സാ രംഗത്ത് വിപ്ലവമുന്നേറ്റം സമ്മാനിച്ച് ദക്ഷിണ കൊറിയ.

ബി. ടി. അനിൽ കുമാർ

കാൻസർ ചികിത്സയുടെ നിയമങ്ങളെത്തന്നെ തിരുത്തിയെഴുതാൻ കഴിയുന്ന ഒരു കണ്ടെത്തലിൽ എത്തിച്ചേർന്നിരിക്കുകയാണ് ദക്ഷിണ കൊറിയയിലെ ഒരു സംഘം ഗവേഷകർ.
റേഡിയേഷനോ കീമോതെറാപ്പിയോ ഉപയോഗിച്ച് കാൻസർ കോശങ്ങളെ നശിപ്പിക്കുന്നതിനു പകരം അവയെ സാധാരണ കോശങ്ങളെപ്പോലെ പ്രവർത്തിക്കാൻ പ്രാപ്തമാക്കുന്ന രീതിയാണ് ഇവർ വികസിപ്പിച്ചെടുത്തത്.
കോശങ്ങളെ ഇങ്ങനെ പുന:ക്രമീകരിക്കുന്നതിൽ ആദ്യഘട്ട വിജയം ഇവർ നേടി.കാൻസർ കോശങ്ങളുടെ മാരകമായ സ്വഭാവം മാറ്റിമറിച്ച് സാധാരണ കോശങ്ങളെപ്പോലെയാക്കി മാറ്റുക എന്നത് അങ്ങേയറ്റം അസാധാരണമായ കാര്യമാണ് എന്നതിനാൽ ഇവരുടെ പഠനം ലോക ശ്രദ്ധയാകർഷിച്ചിരിക്കുകയാണ്.

കാൻസർ കോശങ്ങളെ മാരകാവസ്ഥയിൽ നിലനിറുത്തുന്ന മൂന്ന് പ്രധാന ജീനുകളെ (എംവൈബി, എച്ച്ഡിഎസി 2, ഫോക്സ 2) ഗവേഷണങ്ങളിലൂടെ തിരിച്ചറിയാനും തടയാനും ദക്ഷിണാഫ്രിക്കൻ ശാസ്ത്രജ്ഞർക്കു കഴിഞ്ഞു. ലബോറട്ടറിയിലും മൃഗങ്ങളിലുമായിരുന്നു ആദ്യഘട്ട പരീക്ഷണങ്ങൾ. കാൻസർ കോശങ്ങളെ സാധാരണ നിലയിലേക്ക് മടക്കി കൊണ്ടുവരാൻ കഴിയുമെന്നും ട്യൂമർ വളർച്ചകുറയ്ക്കാനാകുമെന്നും ഇവയിലൂടെ തെളിയിച്ചു.

ട്യൂമർ കോശങ്ങളെ നശിപ്പിക്കുകയെന്നതാണ് പരമ്പരാഗത കാൻസർ ചികിത്സാ രീതി. ഇങ്ങനെ ചെയ്യുന്നതിലൂടെ അവയ്ക്കു സമീപത്തുള്ള ആരോഗ്യകരമായ കോശങ്ങൾ കൂടി നശിക്കുകയും കഠിനമായ പാർശ്വഫലങ്ങൾ ഉണ്ടാകുകയും ചെയ്യുക സാധാരണമാണ്. എന്നാൽ കാൻസർ കോശങ്ങളെ അനിയന്ത്രിതമായ വളർച്ചയിൽ നിന്ന് മാറ്റി വ്യത്യസ്തവും സുസ്ഥിരവുമായ വ്യക്തിത്വത്തിലേക്ക് നയിക്കുക എന്ന പുതു രീതിയാണ് ഇപ്പോൾ വികസിപ്പിച്ചെടുത്തിരിക്കുന്നത്.

തുടക്കമെന്ന നിലയിൽ വൻകുടൽ കാൻസറിൽ പരീക്ഷിച്ച പുതിയ രീതി ട്യൂമറുകളെ നശിപ്പിക്കുകയല്ല;കോശങ്ങളെ വീണ്ടെടുക്കുകയാണ് ചെയ്തത് എന്ന് ചുരുക്കം.
കൊറിയ അഡ്വാൻസ്ഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ (KAIST) പ്രൊഫസർ ക്വാങ്-ഹ്യൂൺ ചോയും സംഘവുമാണ് കാൻസറിന്റെ തലവര മാറ്റുന്ന ഈ ഗവേഷണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *