June 15, 2025
രക്തദാനം ദാതാവിനും ഗുണകരം!

രക്തദാനം ദാതാവിനും ഗുണകരം!

രക്തദാനം ജീവദാനമാണ്, മഹാദാനമാണ് എന്നൊക്കെ നമുക്കറിയാം. സ്വന്തം ജീവൻ നഷ്ടമാകുമെന്നറിഞ്ഞിട്ടും തന്റെ കവചകുണ്ഡലങ്ങൾ ദാനം ചെയ്ത കർണനും ശരീരത്തിലെ മാംസം എടുത്തുകൊള്ളാൻ പരുന്തിന് അനുവാദം നൽകി പ്രാവിനെ രക്ഷിച്ച ശിബി ചക്രവർത്തിയും ഇതിഹാസങ്ങളിലെ മഹാദാനികളാണ്..! എന്നാൽ രക്തദാനത്തിന്റെ കഥയും ശാസ്ത്രവും വ്യത്യസ്തമാണ്. തങ്ങളുടെ ദാനത്തിലൂടെ മറ്റൊരു ജീവൻ രക്ഷിക്കാമെന്ന് മാത്രമല്ല, ദാതാവിന്റെ ജീവൻ കൂടുതൽ കാലം നിലനിർത്താനുമാകും എന്നതാണ് പുതിയ പoനങ്ങൾ തെളിയിക്കുന്നത്..!
കൃത്യമായ ഇടവേളകളിൽ തുടർച്ചയായി രക്തം ദാനം ചെയ്യുന്നവർക്ക് മറ്റുള്ളവരെ അപേക്ഷിച്ച് ഹൃദ്രോഗബാധയ്ക്ക് സാധ്യത തുലോം കുറവാണെന്നാണ് വസ്തുത. ഇത് കണ്ടെത്തിയത് ഡോ.ജെറോം സള്ളിവൻ ആണ്. ഇരുമ്പ് ശരീരത്തിൽ അടിഞ്ഞുകൂടുന്നതിനും അത് ഹൃദ്രോഗത്തിലേക്ക് നയിക്കുന്നതിനും രക്തദാനം തടയിടും എന്നാണദ്ദേഹത്തിന്റെ കണ്ടെത്തൽ! മാസമുറയുള്ള സ്ത്രീകൾക്ക് താരതമ്യേന ഹൃദ്രോഗബാധ പുരുഷന്മാരെ അപേക്ഷിച്ച് കുറയാൻ ഇതാണ് കാരണം. 3 മാസം കൂടുമ്പോൾ രക്തദാനം ചെയ്യുന്നത് ശീലമാക്കുന്നത് നല്ലതാണെന്ന് പറയുന്നത് ഇത് കൊണ്ട് കൂടിയാണ്.

രക്തം ആവശ്യമാകുന്നതെപ്പോൾ?

നമ്മുടെ ജീവിതത്തിൽ രക്തം ആവശ്യമായി വരുന്ന നിരവധി അടിയന്തിര സന്ദർഭങ്ങളുണ്ട്. കാൻസർ ഉൾപ്പെടെയുള്ള രോഗങ്ങൾ, ശസ്ത്രക്രിയകൾ, പ്രസവം, ജീവിതകാലം മുഴുവൻ രക്തം കയറ്റേണ്ടി വരുന്ന ജനിതകരോഗങ്ങൾ ( ഹീമോഫീലിയ, തലസീമിയ, സിക്കിൾസെൽ അനീമിയ) റോഡപകടം, പാമ്പുകടി, കത്തിക്കുത്ത്, തീപ്പൊള്ളൽ എന്നീ സന്ദർഭങ്ങളിൽ തുല്യ ഗ്രൂപ്പിലുള്ള രക്തം കൃത്യസമയത്ത് കിട്ടിയാൽ മാത്രമെ ജീവൻ രക്ഷിക്കാനാകൂ . എന്നാൽ, എല്ലാ ഗ്രൂപ്പിലും പെട്ട രക്തവും രക്തോൽപ്പന്നങ്ങളും എല്ലായ്പോഴും രക്ത ബാങ്കിൽ സ്റ്റോക്ക് ഉണ്ടാകണമെന്നില്ല. സന്നദ്ധരക്തദാനത്തിന്റെ പ്രസക്തി ഇവിടെയാണ്. ശാസ്ത്രസാങ്കേതിക വിദ്യ ഇത്രയധികം വികസിച്ചിട്ടും മനുഷ്യരക്തത്തിന് പകരം മറ്റൊന്ന് നാളിത് വരെ കണ്ടു പിടിച്ചിട്ടില്ല.

ആർക്കൊക്കെ ദാനം ചെയ്യാം? ആർക്കൊക്കെ പാടില്ല?

പൂർണ ആരോഗ്യവാനായ (ആരോഗ്യവതിയായ) , പ്രായപൂർത്തിയായ ഏതൊരാൾക്കും 3 മാസം കൂടുമ്പോൾ ധൈര്യസമേതം രക്ത ബാങ്കിലൊ രക്തദാന ക്യാമ്പിലൊ ചെന്ന് രക്തദാനം നടത്താം. 60 വയസ്സിനുള്ളിൽ പ്രായവും 45 കി.ഗ്രാം എങ്കിലും ശരീരഭാരവും 12.5 ഗ്രാം% ഹീമോഗ്ലോബിനും ഉള്ളവർക്ക് സംശയമന്യേ രക്തം ദാനം ചെയ്യാം. അസുഖങ്ങളുള്ളവർ, ഏതെങ്കിലും മരുന്ന് കഴിക്കുന്നവർ, അടുത്ത കാലത്ത് കുത്തിവെപ്പ് എടുത്തവർ, ശസ്ത്രക്രിയയ്ക്ക് വിധേയരായവർ, ലഹരി വസ്തുക്കൾക്ക് അടിമകളായവർ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ എന്നിവർ രക്തദാനം ചെയ്യരുത്. രക്തദാനം തൊഴിലാക്കിയവരുടെ രക്തം ബാങ്കിൽ സ്വീകരിക്കില്ല.
മാസമുറയുള്ള സ്ത്രീകൾക്ക് രക്തം ദാനം ചെയ്യുന്നതിന് തടസ്സമില്ല. എന്നാൽ അമിത രക്തസ്രാവം ഉള്ളവരിൽ നിന്നും ശരീരവേദന അനുഭവപ്പെടുന്നവരിൽ നിന്നും രക്തമെടുക്കില്ല. രക്തദാതാവിന് ആവശ്യമായ അടിസ്ഥാന യോഗ്യത ഉണ്ടെന്ന് ഉറപ്പു വരുത്തണം.

ഉറവയുള്ള കിണറിൽ നിന്ന് വെള്ളം കോരിയെടുക്കുന്നത് പോലെയാണ് അരോഗ്യമുള്ള ശരീരത്തിൽ നിന്ന് രക്തമെടുക്കുന്ന പ്രകിയ. ജീവിതത്തിൽ ഒരിക്കലും രക്തം കൊടുക്കാത്തവരുണ്ട്. അവരുടെ ശരീരം, രക്തം എല്ലാക്കാലത്തേക്കുമായി കരുതിവെക്കുമെന്ന് കരുതുന്നവരുണ്ട്. അത് ശരിയല്ല. രക്തകോശങ്ങൾ നശിക്കുകയും അത് ശരീരം ഇടക്കിടെ പുറം തള്ളുകയും ചെയ്യുന്നുണ്ട്- പാമ്പ് ഉറയൂരുന്നത് പോലെ…!

രക്തദാനപ്രക്രിയ എങ്ങനെ?

രജിസ്ട്രേഷൻ, ഡോക്ടറുടെ പരിശോധന, കൗൺസിലറുടെ ഇടപെടൽ, രക്തഗ്രൂപ്പ്, ഹീമോഗ്ലോബിൻ പരിശോധന, രക്തദാനം, വിശ്രമം ഇവയ്ക്കെല്ലാം കൂടി ആകെ അരമണിക്കൂർ സമയം മാത്രം ദാതാവ് രക്തബാങ്കിൽ ചെലവാക്കിയാൽ മതിയാകും. രക്തമെടുക്കുന്ന പ്രക്രിയ 7 മിനുട്ട് മാത്രം നീണ്ടു നിൽക്കുന്ന ലളിതമായ ഒന്നാണ്. സൂചി കുത്തുമ്പോഴുള്ള നേരിയ വേദന മാത്രമെ ഉണ്ടാകുകയുള്ളു. കൈമടക്കിലെ ഞരമ്പിൽ നിന്നാണ് (Anticubital Vein) രക്തം എടുക്കുക. ക്ഷീണമൊ തളർച്ചയൊ ഉണ്ടാകില്ല. ദാതാവിന് ലഘുപാനീയവും ലഘുഭക്ഷണവും രക്തബാങ്കിൽ നിന്ന് നൽകും. ദാതാക്കളെ നിരീക്ഷിക്കാനും പരിചരിക്കാനും സദാ സന്നദ്ധരായി ഡോക്ടർ,നഴ്സ്, മറ്റ് പാരാമെഡിക്കൽ ഉദ്യോഗസ്ഥർ ബ്ലഡ് ബാങ്കിലുണ്ടാകും.

അൽപം ചരിത്രം..

രക്തദാനവും രക്തം കയറ്റലും രക്തബാങ്കിങ്ങും ഇന്നത്തേത് പോലെ ആയതിന് ഏതാണ്ട് ഒരു നൂറ്റാണ്ടിന്റെ ചരിത്രമെയുള്ളു. (രക്തഗ്രൂപ്പ് കണ്ടുപിടിച്ച 1901 ന് ശേഷം )

വില്യം ഹാർവി എന്ന ശാസ്ത്രജ്ഞൻ രക്തപര്യയനവ്യവസ്ഥ (Circulatory system) 1628 – ൽ കണ്ടു പിടിച്ച ശേഷമാണ് ഞരമ്പിൽ നിന്ന് രക്തമെടുക്കാനും ഞരമ്പിലേക്ക് രക്തം കയറ്റാനും കഴിയുമെന്ന് മനുഷ്യൻ മനസ്സിലാക്കിയത്. അത് വരെ രക്തം കുടിക്കുകയായിരുന്നു.! രക്തദാഹി എന്നല്ലെ വിശേഷിപ്പിക്കുക പതിവ്?! യൗവനവും വീരശൂരപരാക്രമ സ്വഭാവവും രക്തത്തിലൂടെ പകർന്നു കിട്ടുമെന്ന് അന്നവൻ വിശ്വസിച്ചു..! രക്തത്തിന് വലിയ ശക്തി ഉണ്ടെന്ന് അവൻ കരുതി. കുരുതിയും രക്തപുഷ്പാഞ്ജലിയും മറ്റ് അനുഷ്ഠാനങ്ങളും ഇതിന്റെ ഭാഗമായുണ്ടായതാണ്. ഇന്നസെന്റ് എട്ടാമൻ എന്ന പാതിരിയാണ് ആദ്യം മനുഷ്യരക്തം കുടിച്ചയാൾ എന്നാണ് ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നത്. 3 ചെറുപ്പക്കാരെ കൊന്നാണ് പാതിരി രക്തം കുടിച്ചത്! തന്റെ വാർധക്യം മാറുകയും തനിക്ക് യൗവനം ലഭിക്കുകയും ചെയ്യുമെന്ന് വ്യാമോഹിച്ചാണ് ഈ ക്രൂരകൃത്യം ചെയ്തത്. പാതിരിയുടെയും ചെറുപ്പക്കാരുടെയും ജീവൻ നഷ്ടപ്പെടാൻ ഇടയാക്കിയ സംഭവം നടന്നത് 1542 ൽ ആണ്.

ആധുനിക രക്തബാങ്കുകളിലെ മുന്നേറ്റങ്ങൾ..

നിരവധി വിപ്ലവകരമായ മാറ്റങ്ങൾ രക്ത ബാങ്കുകളിൽ ഇതിനകം സംഭവിച്ചു. ഒരാളിൽ നിന്നെടുക്കുന്ന രക്തം (whole blood) വിവിധ ഘടകങ്ങളാക്കി വേർതിരിച്ച് ഒന്നിലധികം രോഗികൾക്ക് അവരുടെ രോഗാവസ്ഥയ്ക്ക് അനുസരിച്ച് നൽകുന്ന സംവിധാനമായ രക്ത ഘടകവിശ്ലേഷണ യൂണിറ്റ് (Blood component Separation Unit) ഇന്ന് ഒട്ടുമിക്ക ബ്ലഡ് ബാങ്കുകളിലുണ്ട്. RBC, പ്ലാസ്മ, പ്ലേറ്റ്ലറ്റുകൾ, ക്രയോപ്രെസിപ്പിറ്റേറ്റ് എന്നീ ഘടകങ്ങളാണ് രക്തത്തിൽ നിന്ന് വേർതിരിക്കുക. വിളർച്ചാ രോഗങ്ങൾ ഉള്ളവർക്ക് RBC യും തീപ്പൊള്ളലേറ്റവർക്കും വൃക്കത്തകരാറുള്ളവർക്കും പ്ലാസ്മയും ഡെങ്കിപ്പനി, ചിക്കുൻഗുനിയ , ത്രോംബോസൈറ്റൊപീനിയ എന്നിവയുള്ളവർക്ക് പ്ലേറ്റ്ലറ്റും നൽകി രോഗശമനം പെട്ടെന്നാക്കാൻ ബ്ലഡ് ബാങ്കിന് സഹായിക്കാനാകും.

മറ്റൊരു ആധുനിക സംവിധാനം അഫറസിസ് യൂണിറ്റ് (Apheresiട) ആണ്. ഈ സംവിധാനത്തിൽ ആവശ്യമുള്ള ഏതെങ്കിലുമൊരു രക്ത ഘടകം ദാതാവിൽ നിന്ന് കൂടുതൽ അളവ് എടുക്കുകയും മറ്റ് ഘടകങ്ങൾ ദാതാവിന്റെ ശരീരത്തിലേയ്ക്ക് തന്നെ യന്ത്രസഹായത്താൽ തിരിച്ചു കയറ്റുകയും ചെയ്യുന്ന സംവിധാനമാണിത്. ഈ സംവിധാനം വലിയ സാധ്യതകളാണ് തുറന്ന് തരുന്നത് . ഒരു രോഗിയ്ക്ക് അഞ്ചൊ ആറോ യൂണിറ്റ് പ്ലേറ്റ്ലറ്റ് ആവശ്യമായി വരുന്ന സന്ദർഭത്തിൽ ഒരു ദാതാവിനെ മാത്രം കണ്ടെത്തിയാൽ മതി. അപൂർവരക്ത ഗ്രൂപ്പിൽ പെട്ട രോഗിയ്ക്ക് ഇത് വലിയ അനുഗ്രഹമാണ്. നിരവധി അപരിചിതരായ ദാതാക്കളിൽ നിന്നെടുക്കുന്ന രക്തം കയറ്റുമ്പോഴുള്ള റിസ്ക് ഒഴിവാക്കാനുമാകും. മാത്രവുമല്ല, ഒന്നിലധികം ദാതാക്കളിൽ നിന്ന് എടുക്കുന്ന പ്ലേറ്റ്ലറ്റിനേക്കാൾ ഗുണം ചെയ്യുക, ഒരാളിൽ നിന്നെടുത്ത് നൽകുന്നതിനാണ്. അഫറസിസ് ദാതാവിന് 2 ദിവസം കഴിഞ്ഞാൽ അതേ ഘടകം വീണ്ടും ദാനം ചെയ്യാനാകും. എന്നാൽ ഏകദേശം ഒരു മണിക്കൂർ സമയം ഈ പ്രക്രിയയ്ക്ക് വേണ്ടി വരും എന്നതാണിതിന്റെ ന്യൂനത. മാത്രവുമല്ല താരതമ്യേന ചെലവേറിയ പ്രക്രിയയാണിത്. ഏകദേശം 7000 രൂപ വിലവരുന്ന കിറ്റ് ഇതിന് ഉപയോഗിക്കണം.

പ്ലാസ്മ തെറാപ്പി

കൊവിഡ് ചികിത്സയ്ക്ക് കൺവാലസെന്റ് പ്ലാസ്മ (convalascent Plama ) നൽകിയുള്ള പ്ലാസ്മ തെറാപ്പിക്ക് അഫറസിസ് യൂണിറ്റ് പ്രയോജനപ്പെടുത്താം. ഇക്കഴിഞ്ഞ ദിവസം , തൃശ്ശൂർ ഗവ.മെഡിക്കൽ കോളേജിൽ അത്യാസന്ന നിലയിൽ വെന്റിലേറ്ററിൽ കഴിയുന്ന കൊവിഡ് രോഗിയ്ക്ക് ഇങ്ങനെ പ്ലാസ്മ നൽകി ചികിത്സിച്ചത് പത്രവാർത്ത ആയിരുന്നല്ലോ? കൊവിഡ് വന്ന് ഭേദമായ ആളുടെ ശരീരത്തിലെ പ്ലാസ്മയിൽ രോഗാണുവിനെതിരായ പ്രതിവസ്തു ( ആൻറിബോഡി ) ഉണ്ടാകും. ഇത് മറ്റൊരു കൊവിഡ് രോഗിയ്ക്ക് കയറ്റിയാൽ രോഗാണുവിനെ ഫലപ്രദമായി നശിപ്പിക്കാനാകും . ഇങ്ങിനെ രോഗിയിൽ കയറ്റുന്ന പ്ലാസ്മയാണ് കൺവാലസെന്റ് പ്ലാസ്മ.

രക്തബാങ്കുകൾ സ്നേഹവീടുകൾ..!

രക്തബാങ്കുകൾ സ്നേഹവും സാഹോദര്യവും മാനവികതയും തുടിക്കുന്ന മതനിരപേക്ഷ ഇsങ്ങളാണ്. ജാതി, മത, വർഗ, വർണ, കക്ഷിരാഷ്ട്രീയ ഭേദങ്ങളില്ലാത്ത സ്നേഹവീടുകളാണ് ബ്ലഡ് ബാങ്കുകൾ! ഇവിടെ വന്ന് രക്തദാനം ചെയ്ത് മടങ്ങുമ്പോൾ സന്തോഷവും പുതിയൊരു ഉണർവും ഉന്മേഷവും ലഭിക്കും..! നിങ്ങളുടെ പിറന്നാൾ, വിവാഹ വാർഷികം തുടങ്ങിയ വിശേഷാവസരങ്ങളിൽ രക്തദാനം ഒരു ശീലമാക്കുക. ഒരു ജീവൻ രക്ഷിക്കാൻ നിങ്ങളുടെ ഏതാനും തുള്ളി രക്തം കാരണമാകുമെങ്കിൽ അതിൽ പരം പുണ്യം മറ്റെന്തുണ്ട്? രക്തദാനത്തിന്റെ സന്ദേശം പ്രചരിപ്പിക്കുക…. മഹിതമായ മാനവികതയുടെയും ദീനാനുകമ്പയുടെയും മഹദ് സന്ദേശമാണത്…!

-ടി.സത്യനാരായണൻ.
സയന്റിഫിക് അസിസ്റ്റന്റ് (റിട്ടയേഡ് )
ബ്ലഡ് ബാങ്ക്, ഗവ.മെഡിക്കൽ കോളേജ്, തൃശ്ശൂർ
9447804529
ടathianthottekkat@gmail.com

Leave a Reply

Your email address will not be published. Required fields are marked *