July 30, 2025
ചിക്കുൻഗുന്യ മരണങ്ങൾ: ആരോഗ്യ വിദഗ്ധരെ തിരുത്തിയ വി.എസ്…

ചിക്കുൻഗുന്യ മരണങ്ങൾ: ആരോഗ്യ വിദഗ്ധരെ തിരുത്തിയ വി.എസ്…

ഡോക്ടർ എ. അൽത്താഫ്

2006 ൽ വി എസ് മന്ത്രിസഭ അധികാരമേറ്റ് ഏതാനും മാസങ്ങൾക്കുള്ളിലാണ് ആഫ്രോ-ഏഷ്യൻ മേഖലയിലെ ഇന്ത്യൻ മഹാസമുദ്ര തീര രാജ്യങ്ങളിലെല്ലാം ചിക്കുൻഗുന്യ രോഗം വ്യാപകമായി പടർന്ന് പിടിക്കുന്നത്. ഇന്ത്യൻ ഉപദ്വീപിൽ ബംഗാളിൽ തുടങ്ങി തെക്കേ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും വ്യാപകമായി പടർന്ന് പിടിച്ചു. ചരിത്രത്തിൽ ആദ്യമായാണ് കേരളത്തിലും ചിക്കുൻഗുന്യ അതിന്റെ സാന്നിധ്യം അറിയിച്ചത്. 2007-ൽ വിഴിഞ്ഞം മുതൽ ചേർത്തല വരെ രോഗ വ്യാപനം തെക്കൻ കേരളത്തെ പിടിച്ചുലച്ചു. കുറെ മരണങ്ങളും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ചിക്കുൻഗുന്യ കാരണം രോഗികൾ മരിക്കുന്നു എന്ന വാർത്തകളെ ആരോഗ്യ വിദഗ്ധരും മെഡിക്കൽ സംഘടനകളും നിഷേധിച്ചു. ചിക്കുൻഗുന്യ മരണ കാരണമാവില്ല എന്ന പരമ്പരാഗത ധാരണയുടെയും ടെക്സ്റ്റ്‌ ബുക്ക്‌ വിജ്ഞാനത്തിന്റെയും അടിസ്ഥാനത്തിലാണ് ആരോഗ്യ വിദഗ്ധർ ആ അഭിപ്രായം പറഞ്ഞത്. ഏതാണ്ട് ഈ ഘട്ടത്തിലാണ് മുഖ്യമന്ത്രി വി എസ് ആലപ്പുഴയിലെ രോഗബാധിത പ്രദേശങ്ങളിൽ സന്ദർശനം നടത്തുന്നതും ചിക്കുൻഗുന്യ മരണകാരണമാവില്ല എന്ന ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തെ പാടെ തള്ളുന്നതും. മരണപ്പെട്ട രോഗികൾ ചിക്കുൻഗുന്യക്കൊപ്പം പ്രമേഹം ഉൾപ്പെടെ മറ്റനുബന്ധ രോഗങ്ങൾ ഉള്ളവർ ആയിരുന്നുവെന്നും അതാണ് മരണ കാരണമെന്നുമുള്ള വിദഗ്ദാഭിപ്രായത്തെ, എങ്കിൽ ചിക്കുൻഗുന്യ ബാധിതരല്ലാത്ത, പ്രമേഹം ഉൾപ്പെടെ മറ്റനുബന്ധ രോഗങ്ങൾ മാത്രമുള്ള രോഗികൾ മരിക്കാത്തത് എന്തുകൊണ്ടെന്ന സാമാന്യ യുക്തി ഉപയോഗിച്ചാണ് വി എസ് നേരിട്ടത്..

വിവാദങ്ങൾ തുടരവെ പകർച്ചപ്പനിയിൽ ജനങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകൾ ചർച്ച ചെയ്യാൻ സർവ്വകക്ഷി യോഗം വിളിക്കാൻ സർക്കാർ തീരുമാനിച്ചു. അതിന് മുന്നോടിയായിട്ടാണ് ചിക്കുൻഗുന്യ വ്യാപനത്തെയും പ്രതിരോധ മാർഗങ്ങളെയും കുറിച്ച് മുഖ്യമന്ത്രിയുമായി ഒരു അനൗപചാരിക ചർച്ചക്ക് അദ്ദേഹത്തിന്റെ ഓഫീസിൽ നിന്ന് ക്ഷണം ലഭിക്കുന്നത്.. അവധി ദിവസമായിട്ടും മുഖ്യമന്ത്രി ക്ലിഫ് ഹൗസിലെ ഓഫീസ് മുറിയിൽ ഞങ്ങളെ കാത്തിരിക്കുന്നു. ഉച്ചയോടടുത്ത സമയം.. തികച്ചും അനൗപചാരികമായ വേഷം, കൈയില്ലാത്ത ബനിയനും മുണ്ടും..
കൈയിൽ ഒരു പെൻസിലും കുറിപ്പെഴുതാൻ ഒരു പാഡും.

ചിക്കുൻഗുന്യയെയും അതിന്റെ പുതിയ വകഭേദങ്ങളുടെ (A226V) ആഗോള വ്യാപനത്തെക്കുറിച്ചും ഫ്രഞ്ച് റീയൂണിയൻ ഐലന്റിലെ രോഗവ്യാപനത്തിൽ ഈ രോഗം മരണ കാരണമാകുന്നുണ്ട് എന്ന പാസ്റ്റർ ഇൻസ്റ്റിട്യൂട് ലാൻസെറ്റിൽ പ്രസിദ്ധീകരിച്ച കണ്ടെത്തലിനെക്കുറിച്ചും എല്ലാം ചർച്ച ചെയ്തു. ഒരു ഹൈസ്‌കൂൾ വിദ്യാർത്ഥിയുടെ കൗതുകത്തോടെയാണ് അന്ന് 83 വയസെങ്കിലും ഉണ്ടായിരുന്ന വി.എസ് ഓരോ കാര്യവും ചോദിച്ചറിഞ്ഞത്.. ചർച്ച കഴിഞ്ഞപ്പോൾ, ചിക്കുൻഗുന്യ മരണകാരണമാകാമെന്ന തന്റെ നിരീക്ഷണം ശരിയായിരുന്നു എന്നത് ഓർത്ത് കൊണ്ട് കൂടിയാവണം പിരിയും നേരം വി എസിന്റെ മുഖത്ത് വിടർന്ന ആ പുഞ്ചിരി…

ആധികാരിക മെഡിക്കൽ ടെക്സ്റ്റ്‌ ബുക്കുകളുടെ ഇന്നത്ത ഏറ്റവും പുതിയ പതിപ്പുകളിൽ കാണാം.. ചിക്കുൻഗുന്യ കൊണ്ടുള്ള മരണനിരക്ക് ആയിരത്തിന് ഒന്ന് മുതൽ മൂന്ന് വരെ ആകാമെന്ന്.

സി.അച്യുതമേനോന് ശേഷം (1971-77) കേരളത്തിൽ ആരോഗ്യ രംഗത്ത് ഏറ്റവുമധികം വികസനം ഉണ്ടായ കാലഘട്ടം കൂടിയായിരുന്നു വി എസ് മുഖ്യമന്ത്രിയും പി കെ ശ്രീമതി ടീച്ചർ ആരോഗ്യ മന്ത്രിയും ആയിരുന്ന കാലം (2006-11).

ആ വികസനങ്ങളുടെ പട്ടിക ഇങ്ങനെ:

  1. കേരള ആരോഗ്യ സർവകലാശാല സ്ഥാപിച്ചത്
  2. ആരോഗ്യ വകുപ്പിൽ താലൂക്ക് വരെ സ്‌പെഷ്യാലിറ്റി & അഡ്മിനിസ്ട്രേറ്റീവ് കേഡർ നടപ്പാക്കിയത്
  3. സ്റ്റേറ്റ് ബോർഡ് ഫോർ മെഡിക്കൽ റിസർച്ച്
  4. മെഡിക്കൽ കോളജുകളിൽ റെസിഡൻസി സമ്പ്രദായം
  5. മെഡിക്കൽ കോളജുകളിൽ സ്വകാര്യ പ്രാക്ടീസ് നിരോധനം
  6. കേരള മെഡിക്കൽ സർവീസ് കോർപ്പറേഷൻ
  7. കേരള എമർജൻസി മെഡിക്കൽ സർവീസസ് (KEMP) – 108 ആംബുലൻസ് സംവിധാനം
  8. ആശ വർക്കർ പദ്ധതി ആരംഭിച്ചത്.
  9. സ്റ്റേറ്റ് ഡിസീസ് കണ്ട്രോൾ ആൻഡ് മോണിറ്ററിങ് സെൽ SDCMC – രോഗ നിരീക്ഷണ സംവിധാനം
  10. സ്റ്റേറ്റ് ഹെൽത്ത് സിസ്റ്റം റിസോഴ്സ് സെന്റർ (SHSRC)
  11. പാരാ മെഡിക്കൽ വിദ്യാഭ്യാസം വ്യാപകമാക്കാൻ സർക്കാരിന് കീഴിൽ സ്റ്റേറ്റ് ഇൻസ്റ്റിട്യൂട് ഫോർ മെഡിക്കൽ എഡ്യൂക്കേഷൻ ആന്റ് ടെക്നോളജി
  12. ഇൻട്രാ ഡെർമൽ റാബീസ് വാക്സിനേഷൻ (IDRV). ഇതിലൂടെ സമ്പൂർണ സൗജന്യ പേവിഷ പ്രതിരോധ ചികിത്സ നൽകുന്ന ആദ്യ സംസ്ഥാനമായി കേരളം
  13. മെഡിക്കൽ ബിരുദ-ബിരുദാനന്തര സീറ്റ് വർധന
  14. ആലപ്പുഴ, തൃശ്ശൂർ മെഡിക്കൽ കോളജുകൾ യഥാക്രമം വണ്ടാനം, മുളങ്കുന്നത്ത്കാവ് എന്നിവിടങ്ങളിലെ പുതിയ ആശുപത്രി സമുച്ചയങ്ങളിലേക്ക് മാറ്റി സ്ഥാപിച്ചത്
  15. ഹെൽത്ത്‌ മാനേജ്മെന്റ് ഇൻഫർമേഷൻ സിസ്റ്റം – ഇന്ത്യയിൽ സർക്കാർ തലത്തിൽ ആദ്യം
  16. എറണാകുളം GH ഉൾപ്പടെ ആശുപത്രികളുടെ NABH അക്രെഡിറ്റേഷൻ
  17. ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിൽ ജപ്പാൻ ജ്വരത്തിനെതിരെ വാക്സിനേഷൻ- പൈലറ്റ് അടിസ്ഥാനത്തിൽ രാജ്യത്താദ്യം
  18. റേഡിയോ ഹെൽത്ത് – ആരോഗ്യ ബോധവത്കരണത്തിന് പുതിയ മാതൃക, ദേശീയ തലത്തിൽ ഇതാദ്യം.
  19. സർക്കാർ ആശുപത്രി ലാബുകൾക്ക് NABL അക്രെഡിറ്റേഷൻ
  20. ആശുപത്രി ആക്രമണങ്ങൾ തടയുന്നതിനുള്ള പ്രത്യേക നിയമം

21.ആരോഗ്യ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പുകളിലായി ഉണ്ടായിരുന്ന ജീവനക്കാരുടെ കേഡറുകൾ ബൈഫർക്കേറ്റ് ചെയ്തത്.

  1. പതിനെട്ടു വയസുവരെയുള്ള കുട്ടികൾക്കും കൗമാരക്കാർക്കും സമ്പൂർണ സൗജന്യ ചികിത്സ നൽകുന്ന ആരോഗ്യ കിരണം പദ്ധതി
  2. മലബാർ കാൻസർ സെന്റർ, IKON, IMCH കോഴിക്കോട് എന്നീ സ്ഥാപനങ്ങൾ ഇന്ന് കാണുന്ന രീതിയിൽ വികസിപ്പിച്ചത്..
  3. അണുബാധ നിയന്ത്രണത്തിന് എല്ലാ പ്രധാന സർക്കാർ ആശുപത്രികളിലും പ്രത്യേക ഹൗസ് കീപ്പിംഗ് വിഭാഗം….
  4. ആരോഗ്യ മെഡിക്കൽ വിദ്യാഭ്യാസ മേഖലകളെ കുറിച്ച് പഠിക്കാൻ ഇഖ്ബാൽ കമ്മിറ്റി.
  5. തിരുവനന്തപുരം കോഴിക്കോട് മെഡിക്കൽ കോളജുകളിൽ സൂപ്പർ സ്‌പെഷ്യലിറ്റി ബ്ലോക്കുകൾ
  6. നാഷണൽ ഇന്സ്ടിട്യൂട് ഓഫ് വൈറോളജിയുടെയും (ആലപ്പുഴ) നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോളിന്റെയും പ്രാദേശിക യൂണിറ്റുകൾ കേരളത്തിൽ സ്ഥാപിച്ചത്

അങ്ങനെ സാധാരണ മനുഷ്യരുടെ ഹൃദയത്തിൽ സ്പർശിച്ച എത്രയെത്ര അടയാളപ്പെടുത്തലുകൾ…

ലാൽ സലാം… ❤

  • ഡോ. എ അൽത്താഫ്

Leave a Reply

Your email address will not be published. Required fields are marked *