ഡോക്ടർ എ. അൽത്താഫ്
വെക്കേഷൻ മാറ്റം കൊണ്ട് കാര്യമായ നേട്ടങ്ങളുണ്ടാകാൻ സാധ്യതയില്ല.
സ്കൂൾ വെക്കേഷൻ ഏപ്രിൽ-മെയ് മാസങ്ങളിൽ നിന്ന് ജൂൺ-ജൂലൈ മാസങ്ങളിലേക്ക് മാറ്റുന്നതിന്റെ നേട്ട-കോട്ടങ്ങളെക്കുറിച്ച് ചർച്ചകൾ നടക്കുകയാണ്. വിദ്യാഭ്യാസ മന്ത്രി തന്നെയാണ് ഈ ചർച്ചക്ക് തുടക്കം കുറിച്ചിരിക്കുന്നത്..ചർച്ചക്ക് തുടക്കം കുറിച്ച മന്ത്രിക്ക് അഭിനന്ദനങ്ങൾ.
കനത്ത മഴ കാരണം സ്‌കൂളുകൾക്ക് ഇടയ്ക്കിടെ അവധി നൽകേണ്ടി വരുന്നു എന്നതാണ് ഇങ്ങനെ ഒരു മാറ്റം ചിന്തിക്കാൻ കാരണം. വെക്കേഷൻ നൽകുന്നതിലൂടെ മഴക്കാലത്തെ അപകടങ്ങൾ കൂടാതെ മറികടക്കാം എന്നതാണ് ഒരു പ്രധാന നേട്ടമായി ചൂണ്ടിക്കാണിക്കുന്നത്.
എന്നാൽ വേറെ ചില നേട്ടങ്ങളുമുണ്ട്.
മഴക്കാലത്തോടൊപ്പം ജൂൺ-ജൂലൈ മാസങ്ങളിൽ വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെടുന്ന പകർച്ചവ്യാധികളുടെ വ്യാപനത്തെ ഒരളവുവരെ കുറക്കാം എന്നതാണ് മറ്റൊരു നേട്ടം.. ഇൻഫ്ലുൻസ ഉൾപ്പെടെയുള്ള വൈറൽ (ഇൻഫ്ലുവൻസ എ, ബി, പാരാ ഇൻഫ്ലുവൻസ, റൈനോ, മെറ്റാപ്ന്യൂമോ, അഡീനോ വൈറസ്)
രോഗങ്ങൾ, വയറിളക്ക രോഗങ്ങൾ, എലിപ്പനി, ഡെങ്കി പനി എന്നിവ കേരളത്തിൽ ഏറ്റവും വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെടുന്നത് ജൂൺ, ജൂലൈ, ആഗസ്റ്റ് മാസങ്ങളിലാണ്.
ഇടവിട്ടുള്ള മഴയാണ് രോഗകാരിയായ ഈഡിസ് കൊതുകുകൾ വ്യാപിക്കാനും ഡെങ്കി, ചിക്കുൻഗുന്യ രോഗങ്ങൾ പടർത്താനും കാരണം. ഡെങ്കി കുറക്കാൻ കൊതുക് നിയന്ത്രണം മാത്രമാണ് പോംവഴി. വെക്കേഷൻ മാറ്റം കൊണ്ട് ഡെങ്കി പനി കുറയണമെന്നില്ല.
മൺസൂൺ മഴക്കാലത്തെ മിതോഷ്ണ കാലാവസ്ഥ ഇൻഫ്ലുൻസ വ്യാപനത്തെ സഹായിക്കുമെങ്കിലും
രോഗിയിൽ നിന്ന് നേരിട്ട് പകരുന്ന രോഗം എന്ന നിലയിൽ ഇൻഫ്ലുൻസ
രോഗവ്യാപനത്തിന്റെ പ്രധാന കാരണം കുട്ടികൾ കൂട്ടം കൂടുന്നതാണ്.
തുടക്കത്തിൽ ഇൻഫ്ലുൻസ രോഗങ്ങളുടെ വ്യാപനം കുറക്കാൻ വെക്കേഷൻ മാറ്റം കൊണ്ട് കഴിഞ്ഞേക്കാമെങ്കിലും സ്കൂൾ പ്രവർത്തനം ഏപ്രിൽ-മെയ് മാസങ്ങളിലേക്ക് മാറ്റി കഴിഞ്ഞാൽ രോഗവ്യാപനവും സമ്മറിലേക്ക് മാറാനുള്ള സാധ്യത തള്ളിക്കളയാൻ കഴിയില്ല.
അതുപോലെ കാലാവസ്ഥയിൽ വന്ന മാറ്റങ്ങൾ കാരണം കഴിഞ്ഞ കുറേ വർഷങ്ങളായി വേനൽ കാലത്ത് അത്യുഷ്ണമാണ് കേരളത്തിൽ. 35 ഡിഗ്രി മുതൽ നാല്പത് ഡിഗ്രി സെൽഷ്യസ് വരെ. അങ്ങനെ വേനൽ അനുബന്ധ നിർജലീകരണം മുതൽ സൂര്യാഘാതം വരെയുള്ള വേനൽ കാല അപകടങ്ങൾ വ്യാപകമാകാനുള്ള സാധ്യതയുമുണ്ട്. അത് വിദ്യാർത്ഥികളുടെ ആരോഗ്യത്തെയും സ്‌കൂളുകളുടെ പ്രവർത്തനത്തെയും കാര്യമായി ബാധിക്കാനിടയാക്കും.
മറ്റൊരു കാര്യം, കുട്ടികളുടെ ആരോഗ്യത്തിനും അവർക്ക് കളിക്കാനും കുടുംബങ്ങളോടൊപ്പം യാത്ര പോകാനും കൂടുതൽ സൗകര്യം മഴക്കാലത്തേക്കാൾ വേനൽ കാലമായിരിക്കും.
ചുരുക്കത്തിൽ, നേട്ട-കോട്ടങ്ങൾ വിശദമായും ശാസ്ത്രീയമായും വിശകലനം ചെയ്തു മാത്രം വേണം വെക്കേഷൻ മാറ്റം തീരുമാനിക്കാൻ.
- ഡോ എ അൽത്താഫ്