പഞ്ചസാര കഴിക്കുന്നതാണ് പ്രമേഹത്തിന് കാരണമാകുന്നതെന്ന പലരുടെയും വിശ്വാസം ശരിയാവണമെന്നില്ല. ഒരു വ്യക്തിക്ക് പ്രമേഹം വരാനുള്ള സാധ്യത ഉണ്ടായിരിക്കുക എന്നതാണ് പ്രധാനം. അതുപോലെ അമിതവണ്ണവും പ്രമേഹത്തിനുള്ള ഒരേയൊരു കാരണമാവണമെന്നില്ല.
എന്നാൽ രോഗമുണ്ടാവാൻ ജനിതക ഘടകങ്ങൾക്കൊപ്പം അമിത വണ്ണവും കാരണമാവുമെന്നത് വാസ്തവമാണ്.
അമിതമായ പഞ്ചസാര ഉപയോഗവും പൊണ്ണത്തടിയും ആരോഗ്യത്തിന് അനുയോജ്യമല്ലെന്ന തിരിച്ചറിവുണ്ടാകണം.
പ്രായമായവർക്കാണ് പ്രമേഹം വരാനുള്ള സാധ്യതയേറെ എന്നത് മറ്റൊരു മിഥ്യാ ധാരണയാണ്..
അഞ്ച് വയസ്സിന് താഴെയുള്ളകുട്ടികൾക്ക് ടൈപ്പ് 1 പ്രമേഹം മാത്രമേ വരാറുള്ളൂ എന്നും മുമ്പ് വിശ്വസിച്ചിരുന്നു. എന്നാൽ ടൈപ്പ് 2 പ്രമേഹവും കുട്ടികളിൽ ഇപ്പോൾ കണ്ടെത്തുന്നുണ്ട്.
അനാരോഗ്യകരമായ ജീവിതശൈലി,ഭക്ഷണക്രമം, വ്യായാമമില്ലായ്മ എന്നിവയാണ് കുട്ടികളിൽ ടൈപ്പ് 2 പ്രമേഹം വർദ്ധിച്ചുകൊണ്ടിരിക്കാൻ കാരണം.
പ്രമേഹമുള്ളവർ പതിവായി ഇൻസുലിൻ ഉപയോഗിക്കണമെന്നതും സാധാരണയായുള്ള തെറ്റിദ്ധാരണയാണ്. ടൈപ്പ് 1 പ്രമേഹമുള്ള രോഗികൾക്ക് മാത്രമേ ഇതിന്റെ ആവശ്യമുള്ളൂ. ടൈപ്പ് 2 പ്രമേഹബാധിതർക്ക് വ്യായാമം, ലളിതമായ മരുന്നുകൾ, ഭക്ഷണക്രമം എന്നിവയിലൂടെ അവരുടെ അവസ്ഥ നിയന്ത്രണ വിധേയമാക്കാവുന്നതേയുള്ളൂ.