ഡോക്ടർ ഹാരിസിനെതിരായ അധികൃതരുടെ നീക്കം അപലപനീയം – കെ ജി എം സി ടി എ

തിരുവനന്തപുരം: സർക്കാർ സ്ഥാപനത്തിൽ നിന്ന് പാവപ്പെട്ട രോഗികൾക്ക് മെച്ചപ്പെട്ട ചികിത്സ ലഭിക്കുക എന്ന സദുദ്ദേശത്തോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ്സ് സി എച്ച് ഉന്നയിച്ച പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനെക്കാൾ അദ്ദേഹത്തിനെതിരായ നടപടികൾക്കാണ് അധികാരികള്‍ ശ്രമിച്ചതെന്ന് കെ ജി എം സി ടി എ. കൂട്ടത്തിൽ അദ്ദേഹത്തെ മോശമായി ചിത്രീകരിക്കുവാനുള്ള ശ്രമങ്ങളും നടന്നത് തികച്ചും പ്രതിഷേധാർഹമാണ്. ഡോ. ഹാരിസ്സിന്റെ മുറിയിൽ അധികാരികൾ അദ്ദേഹത്തിന്റെ അസാന്നിധ്യത്തിൽ തിരച്ചിൽ നടത്തുകയും മുറി മറ്റൊരു താഴിട്ടു പൂട്ടുകയും ചെയ്തത് അങ്ങേയറ്റം തെറ്റായ പ്രവർത്തിയാണ്. വകുപ്പ് മേധാവിയുടെ ഉത്തരവാദിത്വത്തിലുള്ള വസ്തുവകകൾ പരിശോധന നടത്തുന്നത് അദ്ദേഹത്തിൻറെ സാന്നിധ്യത്തിൽ അദ്ദേഹത്തെ കൂടെ ബോധ്യപ്പെടുത്തിക്കൊണ്ട് വേണം ചെയ്യേണ്ടിയിരുന്നത്. ഒരു വകുപ്പു മേധാവിയുടെ മുറി ആ വകുപ്പിന്റെ ഓഫീസ് കൂടിയാണ്. ആ മുറിയിൽ വിദ്യാർത്ഥികളുടെ ഉത്തരക്കടലാണ്, മാർക്ക്ലിസ്റ്റ്, ഓഫീസിലെ കത്തിടപാടു രേഖകൾ, മറ്റു രേഖകൾ, ഉപകരണങ്ങൾ തുടങ്ങിയവ സൂക്ഷിച്ചിട്ടുള്ളതാണ്. മുറി പൂട്ടിയതിനു ശേഷം അതിന്റെ ഒരു രസീതും നൽകിയിട്ടില്ല. ഇത് സാമാനൃനീതിക്ക് വിരുദ്ധമാണ്. ഇതിനു ശേഷം പത്രസമ്മേളനം നടത്തി വ്യാജ ആരോപണങ്ങൾ ഉന്നയിക്കുകയാണ് ഉണ്ടായത്. ഇത് ഡോ. ഹാരിസ്സിനെ മനപ്പൂർവ്വം കുരുക്കുവാനുള്ള ശ്രമമാണെന്നു മാത്രമേ കാണാൻ കഴിയുകയുള്ളു. ഈ പ്രവർത്തികളെ കെജിഎംസിറ്റിഎ ശക്തമായി അപലപിക്കുന്നു. കാണ്മാനില്ലെന്ന് പറയപ്പെടുന്ന മോർസില്ലോസ്കോപ്പ് അവിടെത്തന്നെ ഉണ്ടെന്ന് ഡോ. ഹാരിസ് പറഞ്ഞത് ശരിയാണെന്ന് പരിശോധനയിൽ തെളിഞ്ഞു. ഇതിനെ മറ്റൊരു രീതിയിൽ ചിത്രീകരിക്കാൻ ശ്രമിച്ച വാർത്താസമ്മേളനത്തിൽ ആരോപിച്ച കാര്യങ്ങൾ തെറ്റാണെന്ന് മാധൃമങ്ങൾ തെളിയിച്ചു. അവിടെ പുതുതായി കണ്ടെന്ന് ആരോപിക്കപ്പെട്ട ഉപകരണവും രസീതും നന്നാക്കാൻ ശ്രമിക്കാനായി കൊണ്ടുപോയി തിരികെ എത്തിച്ച നെഫ്രോസ്കോപ്പ് എന്ന ഉപകരണത്തിന്റേതാണെന്ന് വൃക്തമായിട്ടുണ്ട്. ഇത് അന്വേഷിച്ചിരുന്നെങ്കിൽ മനസ്സിലാക്കാവുന്നതേ ഉണ്ടായിരുന്നുള്ളൂ. സാമാനൃയുക്തിക്കു പോലും നിരക്കാത്ത പ്രവർത്തികളിൽ നിന്ന് അധികാരികൾ പിന്മാറണം എന്ന് സംഘടന ആവശൃപ്പെടുന്നു. പ്രശ്നങ്ങളിൽ കുടെ നിൽക്കേണ്ട അധികാരികൾ തന്നെ മനോവീരൃം കെടുത്തുന്ന ഇത്തരം പ്രവർത്തികൾ ചെയ്യുന്നത് അപലപനീയമാണ്.
ബഹുമാനപ്പെട്ട ആരോഗൃവകുപ്പ് മന്ത്രിയുമായുള്ള ചർച്ചയിൽ ഡോ. ഹാരിസ്സിനെതിരെ പ്രതികാരനടപടികൾ ഉണ്ടാകില്ലെന്നു ഉറപ്പുലഭിച്ചിട്ടുണ്ട്. സംഘടന ഉന്നയിച്ച വിഷയങ്ങൾ വിശദമായി ഉടൻ ചർച്ച നടത്താമെന്നും ഉറപ്പ് നൽകിയിട്ടുണ്ട്. ഡിഎംഇയും നടപടികൾ ഉണ്ടില്ലെന്ന് ഉറപ്പു നൽകി.
ഈ അവസരത്തിൽ സംഘടന ഡോ. ഹാരിസ്സിന് പുർണ്ണ പിന്തുണ നൽകുന്നു. അദ്ദേഹം ഉന്നയിച്ച പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു പകരം വ്യാജ ആരോപണങ്ങളിൽ കുടുക്കി ശിക്ഷിക്കുകയാണെങ്കിൽ സംഘടന ശക്തമായ പ്രതിഷേധപരിപാടികളിലേക്ക് നീങ്ങാൻ നിർബന്ധിതമാകും. ഫാക്കൽറ്റികളെ ബലിയാടാക്കാനുള്ള ഏതൊരു നീക്കത്തെയും ഭാവിയിലും സംഘടന ചെറുക്കും. ഡോ. ഹാരിസ്സിന്റെ നിരപരാധിത്വം തെളിയിച്ചതിനും ഈ വിഷയത്തിൽ സഹകരിച്ചതിനും മാധ്യമങ്ങളോട് നന്ദി അറിയിക്കുന്നു.
ഉപകരണങ്ങളുടെ പരിപാലനം, അറ്റകുറ്റപ്പണി എന്നിവ സ്റ്റോർ, പർച്ചേസ്, ബയോമെഡിക്കൽ വിഭാഗങ്ങൾ നടത്തേണ്ടതാണ്. അവർ ഉപകരണങ്ങൾ വാങ്ങുന്നതിൽ വകുപ്പു മേധാവികളെ സാഹായിക്കുകയും വേണം. പി&എആർഡി വിഭാഗത്തിൻറെ നേതൃത്വത്തിൽ വർക്ക് സ്റ്റഡി നടത്തി പ്രശ്‌നങ്ങള്‍ പരിഹരിക്കുവാനും ഭാവിയിൽ ഇങ്ങനെ ഉണ്ടാകാതിരിക്കുവാനും നടപടികൾ സ്വീകരിക്കണമെന്നും സംസ്ഥാന അദ്ധൃക്ഷ ഡോ. റോസ്നാരാ ബീഗം റ്റി, ജനറൽ സെക്രട്ടറി ഡോ. അരവിന്ദ് സി എസ്സ് എന്നിവർ അറിയിച്ചു.



