July 30, 2025
പത്ത് ആരോഗ്യ സന്ദേശങ്ങൾ

പത്ത് ആരോഗ്യ സന്ദേശങ്ങൾ

ഡോക്ടർ ബി.
ഇക്ബാൽ

  1. മാസ്‌ക് ധരിക്കാം, സുരക്ഷിതരാകാം: ആശുപത്രികൾ, തിരക്കുള്ള സ്ഥലങ്ങൾ, എയർകണ്ടീഷൻ ചെയ്ത അടഞ്ഞ മുറികൾ എന്നിവിടങ്ങളിൽ മാസ്‌ക് ധരിക്കുന്നത് ശീലമാക്കുക. പനി, ചുമ തുടങ്ങിയ രോഗലക്ഷണങ്ങളുള്ളവർ വീട്ടിൽ പോലും മാസ്‌ക് ഉപയോഗിക്കാൻ ശ്രദ്ധിക്കുക.
  2. ഡ്രൈ ഡേ ആചരിക്കാം, കൊതുകുകളെ അകറ്റാം: ആഴ്ചയിലൊരിക്കൽ നിങ്ങളുടെ വീടും പരിസരവും വൃത്തിയാക്കി കൊതുകുകൾക്ക് മുട്ടയിടാൻ സാധ്യതയുള്ള വെള്ളം കെട്ടിനിൽക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കുക. ഡ്രൈ ഡേ ആചരിച്ച് ഡെങ്കിപ്പനി പോലുള്ള രോഗങ്ങളെ പ്രതിരോധിക്കാം.
  3. ശുദ്ധജലം മാത്രം കുടിക്കുക: തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കാൻ ശ്രദ്ധിക്കുക. മലിനജലത്തിലൂടെ പകരുന്ന രോഗങ്ങളെ തടയാൻ ഇത് സഹായിക്കും.
  4. ജാഗ്രതയോടെ ഇറങ്ങാം, മലിനജലത്തിൽ: മലിനജലത്തിലോ കെട്ടിക്കിടക്കുന്ന വെള്ളത്തിലോ ഇറങ്ങേണ്ടി വരുമ്പോൾ ഷൂസും കൈയുറകളും ധരിക്കുന്നത് ശീലമാക്കുക. ഇത് എലിപ്പനിക്ക് കാരണമായ രോഗാണുക്കളിൽ നിന്ന് സംരക്ഷണം നൽകും.
  5. രോഗങ്ങൾ നിയന്ത്രിക്കാം, പതിവായ പരിശോധനകളിലൂടെ: പ്രമേഹം, രക്താതിമർദ്ദം തുടങ്ങിയ ജീവിതശൈലീ രോഗങ്ങളുള്ളവർ ഓരോ ഒന്നോ രണ്ടോ മാസത്തിലൊരിക്കൽ നിർബന്ധമായും വൈദ്യപരിശോധന നടത്തി രോഗം നിയന്ത്രണത്തിലാണെന്ന് ഉറപ്പുവരുത്തുക.
  6. അമിതഭാരം ഒഴിവാക്കാം: ബോഡി മാസ് ഇൻഡക്സ് (BMI) കണക്കാക്കി അമിതഭാരമുള്ളവർ ആഹാരം ക്രമീകരിച്ചും ചിട്ടയായ വ്യായാമം ചെയ്തും ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുക. അമിതഭാരം ഒരു രോഗാവസ്ഥയാണെന്ന് തിരിച്ചറിയുക.
  7. വാക്സിനുകൾ സ്വീകരിക്കാം, രോഗങ്ങളെ പ്രതിരോധിക്കാം: 65 വയസ്സിന് മുകളിൽ പ്രായമുള്ളവരും പ്രമേഹം പോലുള്ള ദീർഘകാല രോഗങ്ങളുള്ളവരും ഫ്ലൂ വാക്സിനും (വർഷം തോറും) ന്യൂമോകോക്കൽ വാക്സിനും (ഒരു വർഷം ഇടവിട്ട് രണ്ട് ഡോസ്) നിർബന്ധമായും സ്വീകരിക്കുക.
  8. സ്തനാർബുദം നേരത്തേ കണ്ടെത്താം: 40 വയസ്സിന് മുകളിൽ പ്രായമുള്ള സ്ത്രീകൾ വർഷത്തിലൊരിക്കൽ വൈദ്യസ്തനപരിശോധന നടത്തുന്നത് സ്തനാർബുദം പോലുള്ള രോഗങ്ങൾ നേരത്തേ കണ്ടെത്താൻ സഹായിക്കും.
  9. ആഹാരം ശ്രദ്ധിക്കുക: അന്നജം അടങ്ങിയ ആഹാരം കുറച്ച് മാംസ്യം അടങ്ങിയവ കൂടുതൽ കഴിക്കാൻ ശ്രദ്ധിക്കുക. ചോറ് കഴിവതും കുറച്ച്, മീൻകറി, പയറുവർഗ്ഗങ്ങൾ, ധാരാളം പച്ചക്കറികൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
  10. വ്യായാമം ശീലമാക്കുക: പ്രായത്തിനനുസരിച്ചുള്ള ചിട്ടയായ വ്യായാമം ദിനചര്യയുടെ ഭാഗമാക്കുക.

Leave a Reply

Your email address will not be published. Required fields are marked *