അക്കാദമിക്- ഗവേഷണരംഗങ്ങളിലെ സഹകരണത്തിനായി തിരുവനന്തപുരത്തെ8 പ്രമുഖ ദേശീയ ഇൻസ്റ്റിറ്റ്യൂട്ടുകൾ കൈകോർക്കുന്നു

തിരുവനന്തപുരം : രാജ്യത്തെ 8 പ്രമുഖ ദേശീയ ഇൻസ്റ്റിറ്റ്യൂട്ടുകൾ തമ്മിലുള്ള ഔദ്യോഗിക സഹകരണത്തിന് ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻ്റ് ടെക്നോളജിയിൽ വച്ച് സെപ്റ്റംബർ 10-ന് തുടക്കമായി.
രാജീവ് ഗാന്ധി സെൻ്റർ ഫോർ ബയോടെക്നോളജി (ആർജിസിബി), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യൂക്കേഷൻ ആൻ്റ് റിസർച്ച് (ഐസർ), നാഷണൽ സെൻ്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ് (എൻസിഇഎസ്എസ്), സെൻട്രൽ ട്യൂബർ ക്രോപ്സ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (സിടിസിആർഐ), സിഎസ്ഐആർ- നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇൻ്റർഡിസിപ്ലിനറി സയൻസ് ആൻ്റ് ടെക്നോളജി (സിഎസ്ഐആർ-എൻഐഐഎസ്ടി), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പെയ്സ് സയൻസ് ആൻ്റ് ടെക്നോളജി (ഐഐഎസ്ടി), സെൻ്റർ ഫോർ ഡെവലപ്മെൻ്റ് ഓഫ് അഡ്വാൻസ്ഡ് കമ്പ്യൂട്ടിംഗ് (സി-ഡാക്), ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻ്റ് ടെക്നോളജി (എസ് സിടിഐഎംഎസ്ടി) എന്നീ സ്ഥാപനങ്ങളാണ് സഹകരണത്തിലേർപ്പെട്ടത്.
ഗവേഷണ പദ്ധതികളിലെ പങ്കാളിത്തം, ഓരോ സ്ഥാപനത്തിലെയും അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും പരസ്പരസഹകരണം എന്നിവയാണ് ധാരണാപത്രത്തിലൂടെ ലക്ഷ്യമിടുന്നത്. വിവിധ പഠനമേഖലകൾ ചേർന്നുള്ള ഗവേഷണം ശക്തിപ്പെടുത്താനും അക്കാഡമിക്- ഗവേണരംഗത്തെ സഹകരണം മെച്ചപ്പെടുത്താനും വിവിധ ശാസ്ത്രമേഖലകളിലെ നൂതനാശയങ്ങൾ പ്രോത്സാഹിപ്പിക്കാനും ഈ സഹകരണത്തിലൂടെ കഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
കേന്ദ്ര ശാസ്ത്ര- സാങ്കേതിക വകുപ്പ് സെക്രട്ടറി പ്രൊഫ. അഭയ് കരണ്ടികർ, ശ്രീചിത്രയുടെ പ്രസിഡൻ്റ് ഡോ. ക്രിസ് ഗോപാലകൃഷണൻ, കേന്ദ്ര ശാസ്ത്ര- സാങ്കേതിക വകുപ്പ് സ്വയംഭരണ സ്ഥാപന വിഭാഗ മേധാവി സുനിൽ കുമാർഎന്നിവർ ധാരാണാപത്രം ഒപ്പിടുന്ന ചടങ്ങിൽ ഓൺലൈനായി പങ്കെടുത്തു. സി-ഡാക് ഡയറക്ടർ ജനറലായ ഇ. മഗേഷ്, ആർജിസിബി ഡയറക്ടർ ഡോ. ചന്ദ്രഭാസ് നാരായണ, ഐസർ ഡയറക്ടർ ഡോ. ജെ എൻ മൂർത്തി, NCESS ഡയറക്ടർ ഡോ എൻ വി ചലപതിറാവു, CTCRI ഡയറക്ടർ ഡോ ജി ബൈജു, CSIR- NIIST ഡയറക്ടർ ഡോ അനന്തരാമകൃഷ്ണൻ, IIST ഡയറക്ടർ ഡോ ദീപാംഗർ ബാനർജി, ശ്രീചിത്ര ഡയറക്ടർ ഡോ. സഞ്ജയ് ബിഹാരി, ശ്രീചിത്ര- ബയോമെഡിക്കൽ ടെക്നോളജി വിഭാഗം മേധാവി ഡോ. ഹരികൃഷ്ണ വർമ്മ പി ആർ എന്നിവർ ചടങ്ങിൻ്റെ ഭാഗമായി.
ഗവേഷണരംഗത്ത് രാജ്യത്തിൻ്റെ മുന്നേറ്റത്തിന് സഹായകമാകുന്ന ഈ സഹകരണം ശാസ്ത്രമേഖലയെ ശക്തിപ്പെടുത്തുകയും വിജ്ഞാനക്കൈമാറ്റം എളുപ്പത്തിലാക്കുകയും ചെയ്യും.



