“ഇവിടത്തെ പല വാക്സിൻ വിരുദ്ധർ ഏറ്റെടുത്ത് പ്രചരിപ്പിക്കുന്ന ‘പാശ്ചാത്യ രാജ്യങ്ങൾ മുസ്ലിം ജനസംഖ്യ കുറയ്ക്കാൻ വേണ്ടി വികസിപ്പിച്ചെടുത്തിരിക്കുന്ന മരുന്നാണ് പോളിയോ വാക്സിൻ’ എന്ന ഗൂഢസിദ്ധാന്തം തന്നെയാണ് താലിബാന്റെയും പ്രചോദനം. ” അഫ്ഗാനിലെ ഭൂകമ്പത്തിന് ഇരയായ സ്ത്രീ കൾക്ക് ചികിത്സ കിട്ടുന്നില്ല എന്ന വാർത്തയുടെ പശ്ചാത്തലത്തിൽ ഡോക്ടർ ഷിംന അസീസ് എഴുതുന്നു.

അഫ്ഗാനിലെ പൊതുജനാരോഗ്യവിഷയങ്ങൾ നമ്മളെ ബാധിക്കില്ല എന്ന തെറ്റായ ആത്മവിശ്വാസമാണ് അവിടെ ഭൂകമ്പാവശിഷ്ടങ്ങളിൽ പെട്ട് കിടക്കുന്ന സ്ത്രീകളെപ്പോലും അന്യപുരുഷന്മാർ തൊടില്ല എന്ന വാർത്തക്ക് കീഴെ നമ്മളിൽ പലരും പുച്ഛപരിഹാസങ്ങളായി വാരി വിതറിക്കൊണ്ടിരിക്കുന്നത്.
എന്നാൽ വാസ്തവം, തൊട്ടയൽപക്കത്ത് നടക്കുന്ന പലതും നമ്മളെ തൊടാതെ പോകുന്നില്ല എന്നതാണ്.
ഇന്ത്യയുമായി മൂവായിരത്തിലേറെ കിലോമീറ്റർ അതിര് പങ്കുവയ്ക്കുന്ന പാക്കിസ്ഥാനും, പാക്കിസ്ഥാനുമായി അതിരുള്ള അഫ്ഗാനിസ്ഥാനുമാണ് ഇന്നും ലോകത്ത് വൈൽഡ് പോളിയോ വൈറസ് സ്വാഭാവികമായി നിലനിൽക്കുന്ന രണ്ടേ രണ്ട് രാജ്യങ്ങൾ. വാക്സിൻ എടുക്കുന്നതിനെ പരിപൂർണ്ണമായി എതിർത്തും, പോലീസ് സംരക്ഷണത്തിൽ വാക്സിൻ നൽകാൻ പോകുന്ന ആരോഗ്യ പ്രവർത്തകരെയും സുരക്ഷാ ഉദ്യോഗസ്ഥരെയും വെടിവെച്ചുകൊന്നുമൊക്കെ പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലുമുള്ള താലിബാൻ അനുകൂലികൾ പോളിയോ വൈറസിനെ നല്ലോണം കഷ്ടപ്പെട്ട് അധ്വാനിച്ചു തന്നെ ഭൂലോകത്ത് നിലനിർത്തുന്നുണ്ട്.
എന്താ അവിടങ്ങളിൽ വാക്സിൻ എടുക്കാൻ താലിബാൻ അനുവദിക്കാത്തത്? പ്രത്യേകിച്ച് വിശേഷമൊന്നുമില്ല, ഇവിടത്തെ പല വാക്സിൻ വിരുദ്ധർ ഏറ്റെടുത്ത് പ്രചരിപ്പിക്കുന്ന ‘പാശ്ചാത്യ രാജ്യങ്ങൾ മുസ്ലിം ജനസംഖ്യ കുറയ്ക്കാൻ വേണ്ടി വികസിപ്പിച്ചെടുത്തിരിക്കുന്ന മരുന്നാണ് പോളിയോ വാക്സിൻ’ എന്ന ഗൂഢസിദ്ധാന്തം തന്നെയാണ് താലിബാന്റെയും പ്രചോദനം. നേരെ ചൊവ്വേ സ്കൂളിന്റെ പടി കാണാൻ ആർക്കും അനുമതി ഇല്ലാത്തത് കൊണ്ടും അഥവാ ചോദ്യം ചെയ്താൽ പടമാകുമെന്നത് കൊണ്ടും മറിച്ചു ചോദിക്കുമെന്നോ തിരുത്തുമെന്നോ പ്രതീക്ഷയുമില്ല.
ഞാനിപ്പോൾ ജോലി ചെയ്യുന്ന വടക്കൻ ബിഹാറിൽ ഗംഗയും കോസിയും ഉൾപ്പെടെ വലിയ നദികൾ പലപ്പോഴും ഇവിടത്തെ കണ്ണെത്താ ദൂരമുള്ള സമതല പ്രദേശങ്ങളിൽ വർഷാവർഷം പ്രളയവുമായി വന്ന് ജനജീവിതം തൂത്തുവാരി എറിയാറുണ്ട്.
ആ വെള്ളവും ചേറും ദുർഘടപാതകളും മറികടന്ന്, ആകെയുള്ള കുടിലും മാറാനുള്ള ഉടുതുണിയും ദാൽ റൊട്ടിക്കുള്ള മാർഗമായ പശുവും വരെ ഒലിച്ചു പോയ മനുഷ്യർക്കിടയിലേക്ക് വാക്സിൻ ക്യാരിയറുമായി, ലോകാരോഗ്യസംഘടന ഉൾപ്പെടെയുള്ള വിവിധ ഐക്യരാഷ്ട്രസഭ ഏജൻസി ഉദ്യോഗസ്ഥർ നൽകിയ ശിക്ഷണവും മേൽനോട്ടവും മുതൽക്കൂട്ടാക്കി സർക്കാർ സംവിധാനങ്ങൾ വള്ളവും വണ്ടിയും പലപ്പോഴും കാൽനടയും ഒക്കെയായി കയറിയിറങ്ങിയാണ് 2010 വർഷത്തിൽ ബിഹാറിൽ നിന്നും അവസാന കേസ് ഫുൾ സ്റ്റോപ്പിട്ടു മടക്കി വെച്ചത്.
പൊതുവെ നൽകപ്പെടുന്ന കുത്തിവെപ്പ് ഡോസുകൾ കൂടാതെ, വർഷത്തിൽ അഞ്ച് പൾസ് പോളിയോ റൗണ്ടും, രോഗം പടരാൻ സാധ്യതയുള്ള പുറമേ നിന്ന് ബിഹാരികൾ വീടണയുന്ന ആഘോഷസമയങ്ങളിലും ദുരിതാശ്വാസക്യാമ്പുകളിലും മറ്റും സമയമാസമയങ്ങളിൽ എക്സ്ട്രാ ഡോസുകളും പതിവായിരുന്ന ഈ സംസ്ഥാനത്താണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജനനനിരക്കുള്ളത്. അന്ന് ഓടി നടന്ന് പോളിയോ വാക്സിൻ കുടിച്ച കുട്ടികളാണ് ഇന്ന് ഏഴും എട്ടും കുട്ടികളുടെ മാതാപിതാക്കളായി ഇവിടെയുള്ളത്. ‘പോളിയോ വാക്സിൻ വഴി വന്ധ്യംകരണം’ എന്ന ഗൂഢാലോചന അസ്ഥാനത്താണെന്നതിന് തെളിവുകൾ ഉണ്ടെന്നർത്ഥം.
ഇന്ത്യയിൽ നിന്ന് അവസാന പോളിയോ കേസും കട്ടയും പടവും മടക്കി ഒരു ദശാബ്ദം പിന്നിട്ടിട്ടും, ഇപ്പോഴും അക്യൂട്ട് ഫ്ലാക്സിഡ് പരലിസിസ് സർവേലൻസ് എന്ന പേരിൽ റിപ്പോർട് ആകുന്ന ഓരോ പരലിസിസ് കേസും പോളിയോ അല്ലെന്ന് സർക്കാരിന് ടെസ്റ്റ് ചെയ്ത് ഉറപ്പിക്കേണ്ടി വരുന്നുണ്ട്. ദേഹത്ത് പൊങ്ങുന്ന വ്രണങ്ങൾ വസൂരി ആണോ എന്ന് ഇപ്പോഴാർക്കും പരിശോധിക്കേണ്ടി വരാറില്ലല്ലോ. രോഗചരിത്രങ്ങളുടെ താളുകളിലേക്ക് വാക്സിനേഷന്റെ സംഭാവനയാണത്. താലിബാൻ ഉള്ളിടത്തോളം കാലം പോളിയോ രോഗത്തിന് ആ സൗഭാഗ്യം ഉണ്ടാകുന്ന മട്ടില്ല.
പോളിയോ വൈറസ് മലത്തിൽ നിന്നും ഏതെങ്കിലും വിധേന വായിൽ എത്തിയാൽ ആ വ്യക്തിയെ രോഗിയാക്കാൻ കെൽപ്പുള്ള രോഗാണുവാണ്. പലപ്പോഴും ബോർഡർ കടന്ന് വന്നിരിക്കാൻ സാധ്യതയുള്ള വൈറസിനെ പിടിച്ച് നിർത്തി രോഗം തടയുന്നത് നമ്മുടെ മക്കൾക്ക് നൽകപ്പെട്ടിരിക്കുന്ന പോളിയോ വാക്സിനാണ്. ഭൂമിയിൽ എവിടെ വൈറസ് ബാക്കിയുണ്ടെങ്കിലും ഭീഷണിയുണ്ട്. നമ്മുടെ കഷ്ടകാലത്തിന് ഈ വൈറസുള്ളത് അയൽരാജ്യങ്ങളിൽ തന്നെയാണ്.
ഇക്കൊല്ലം അഫ്ഗാനും പാകിസ്ഥാനും റിപ്പോർട് ചെയ്തിരിക്കുന്നത് പതിനഞ്ച് പോളിയോ കേസുകളാണ്. മുഴുവൻ കേസുകളുടെ എണ്ണം റിപ്പോർട് ആകുന്നുണ്ടാകില്ല. മിണ്ടിയാൽ തോക്കെടുക്കുന്നിടത്ത് ഡിസീസ് സർവേലൻസിനും റിപ്പോർട്ടിങിനും പരിമിതികൾ ഉണ്ടാകണം. സ്ഥിതി അതിഭീകരം തന്നെയാണ്.
വിശദീകരിച്ചത് ഒരേയൊരു ഉദാഹരണമാണ്. ഇങ്ങനെ പല നൂറ് ദുരന്തങ്ങൾ, ഉത്തരമില്ലാത്ത പൊതുജനാരോഗ്യ ചോദ്യങ്ങൾ നാളെയുടെ ലോകത്തിനു മുന്നിലേക്ക് തീവ്ര ആശയങ്ങളുടെ വക്താക്കൾ മുന്നിലേക്ക് വെക്കുന്നുണ്ട്…
അതേ സമയം നമ്മളാകട്ടെ, പുതിയ സിനിമ കാണുന്ന കണക്ക് പോപ്പ്കോൺ കൊറിച്ച് ഹേറ്റ് കമന്റിട്ട് രസിക്കുകയാണ്. മതതീവ്രതയെന്ന ഡൈനോസർ വരുന്നത് നമുക്ക് നേരെ കൂടിയാണ്. ആകെ തീയാളുമ്പോൾ ഞാനിതിൽ കക്ഷിയല്ല എന്നും പറഞ്ഞിരുന്നാൽ വെന്തു പോകാതെയൊന്നുമിരിക്കില്ല. ഒരു മതതീവ്രവാദവും ശരിയല്ല. അവരെ ഒറ്റപ്പെടുത്തുകയും പ്രതികരിക്കുകയുമാണ് വേണ്ടത്.
ഭയം വേണ്ട, ജാഗ്രത മതി.



